
വർക്കല: വർക്കലയിൽ ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫ്രാൻസ് സ്വദേശിനി മരിച്ചു. ഫ്രാൻസ് സ്വദേശിനിയായ ക്രിസ്റ്റിൻ എമിലിയൻ (63) മാർച്ച് 11-നാണ് മരണത്തിന് കീഴടങ്ങിയത്.
മാർച്ച് 8-ന് രാത്രി 9.45ഓടെ വർക്കല താലൂക്ക് ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം സംഭവിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് വിദേശ വനിതയെ ബൈക്ക് ഇടിച്ചത്. അപകടത്തിന് ശേഷം വാഹനം നിർത്താതെ ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടിരുന്നു.

സംഭവത്തെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബൈക്ക് യാത്രക്കാരനെ പോലീസ് തിരിച്ചറിഞ്ഞു. വർക്കല നടയ്ക്കാവുമുക്ക് സ്വദേശിയായ ആയിഷ് (22) ആണ് വിദേശവനിതയെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോയതെന്ന് പോലീസ് കണ്ടെത്തി.
പരിക്കേറ്റ ക്രിസ്റ്റിൻ എമിലിയനെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റോഡ് മുറിച്ച് കടക്കുന്നതിന് തൊട്ടുമുമ്പ് വിദേശവനിതയോടൊപ്പം ഉണ്ടായിരുന്ന യുവതി വാത്സല്യത്തോടെ ആലിംഗനം ചെയ്യുന്നതും തുടർന്ന് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
മാർച്ച് 11-ന് മരണമുണ്ടായതായി ആശുപത്രിയിൽ നിന്നുള്ള ഇൻറിമേഷൻ ലഭിച്ചതിനെ തുടർന്ന് വർക്കല പോലീസ് ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മരണപ്പെട്ട വിദേശവനിതയുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും വിദേശ പൗരത്വവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളാൽ അത് സാധ്യമായില്ല.
വിദേശവനിതയുടെ മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ പോയ ആയിഷിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. അപകടമുണ്ടാക്കുന്നതിനേക്കാൾ ഗുരുതര കുറ്റമാണ് വാഹനം നിർത്താതെ ഓടിച്ചുപോകുന്നതെന്നും പോലീസ് വ്യക്തമാക്കി.
മൃതദേഹം ഫ്രാൻസിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ ബന്ധുക്കൾ ആരംഭിച്ചതായും പോലീസ് അറിയിച്ചു.