
പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി; കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യം
നാവായിക്കുളം: ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കോളർഷിപ്പ് കുടിശ്ശിക വിഷയം ചർച്ച ചെയ്യാൻ അനുമതി നൽകിയില്ലെന്നാരോപിച്ച് നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേർത്ത അടിയന്തര കമ്മിറ്റി യോഗം എൽഡിഎഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. തുടർന്ന് പഞ്ചായത്തിന് മുന്നിൽ ധർണയും നടത്തി.
ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ് കുടിശ്ശിക വിഷയം യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്യണമെന്ന് എൽഡിഎഫ് അംഗം എസ്. ശ്രീനാഥ് കമ്മിറ്റി ആരംഭിക്കുന്നതിന് മുമ്പ് ക്രമപ്രശ്നത്തിലൂടെ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് പഞ്ചായത്ത് പ്രസിഡന്റ് അനുമതി നൽകിയില്ലെന്നാണ് എൽഡിഎഫിന്റെ ആരോപണം. ഇതിൽ പ്രതിഷേധിച്ചാണ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ധർണ നടത്തിയത്.

വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും എൽഡിഎഫ് അംഗങ്ങൾ നേരത്തേ കത്ത് നൽകിയിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നൽകിവരുന്ന വാർഷിക സ്കോളർഷിപ്പ് മാസങ്ങളായി മുടങ്ങിയിരിക്കുകയാണെന്ന് എൽഡിഎഫ് ആരോപിച്ചു..
മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പ്രതിവർഷം ഏകദേശം 28,500 രൂപയും ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് 5,000 രൂപ വരെയും സ്കോളർഷിപ്പായി നൽകേണ്ടതുണ്ടെന്ന് എൽഡിഎഫ് ചൂണ്ടിക്കാട്ടി. എന്നാൽ 2026 മാർച്ചിനുശേഷം ഇതുവരെ കുട്ടികൾക്ക് സ്കോളർഷിപ്പ് തുക ലഭിച്ചിട്ടില്ലെന്നാണ് ആരോപണം.

സാമ്പത്തികവും മാനസികവുമായ പ്രയാസങ്ങൾ നേരിടുന്ന കുട്ടികളുടെ ചികിത്സയ്ക്കും പരിചരണത്തിനും സ്കോളർഷിപ്പ് തുക ഏറെ സഹായകരമാണെന്നും കുടിശ്ശിക വിതരണം ചെയ്യുന്നതിൽ കാലതാമസം വരുത്തുന്നത് കുടുംബങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. കുട്ടികൾക്ക് ലഭിക്കേണ്ട ആനുകൂല്യം തടസ്സമില്ലാതെ വിതരണം ചെയ്യേണ്ടത് പഞ്ചായത്തിന്റെ ഉത്തരവാദിത്വമാണെന്നും അവർ ചൂണ്ടിക്കാട്ടി.
കുടിശ്ശികയായ മുഴുവൻ സ്കോളർഷിപ്പ് തുകയും അടിയന്തരമായി കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കുക, തുടർന്നുള്ള മാസങ്ങളിൽ തുക മുടങ്ങാതെ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുക എന്നിവയാണ് എൽഡിഎഫിന്റെ പ്രധാന ആവശ്യങ്ങൾ.

വിഷയത്തിൽ അടിയന്തര തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് ഇ. ജലാലുദ്ദീൻ പഞ്ചായത്ത് ഭരണസമിതിക്ക് മുന്നറിയിപ്പ് നൽകി.
എസ്. ശ്രീനാഥ്, എം. നജിം, വിജിൻ ജി., ജ്യോതി ശശി, മിര അനിൽ എന്നിവർ കമ്മിറ്റി ബഹിഷ്കരണത്തിനും ധർണയ്ക്കും നേതൃത്വം നൽകി.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …