Breaking News

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി

റോച്ചസ്റ്റർ (കെന്റ്): ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം ജനുവരി 14-ന് ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു. നൂറുകണക്കിന് അയ്യപ്പ ഭക്തർ പങ്കെടുത്ത മഹോത്സവത്തിൽ സമ്പൂർണ പൂജാ–ആചാരങ്ങളും വിവിധ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു.

രാവിലെ 7.00 മണിക്ക് നട തുറക്കലോടെയാണ് മഹോത്സവ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് 7.10-ന് നിർമാല്യ ദർശനം, 7.30-ന് ഉഷപൂജ, 8.00-ന് ഗണപതി ഹോമം, 9.00-ന് ഉച്ചപൂജ എന്നിവ നടന്നു.

വൈകുന്നേരം 5.30 മുതൽ വിശേഷാൽ അഭിഷേകം, പൂജ, ദീപാരാധന, സഹസ്രനാമാർച്ചന എന്നിവയും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. രാത്രി 9.00 മണിക്ക് അത്താഴപൂജയും, 9.30-ന് പടി പൂജയും നടത്തി. 9.45-ന് ഹരിവരാസനം പാടി നട അടച്ചതോടെയാണ് ചടങ്ങുകൾക്ക് സമാപനമായത്.

മഹോത്സവ പൂജകൾക്ക് അഭിജിത്ത്, താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വരർ എന്നിവർ മുഖ്യ കർമികത്വം വഹിച്ചു. വെള്ളിയോട്ടില്ലം അദ്രിത് വാസുദേവ് സഹകർമികത്വവും നിർവഹിച്ചു.

മകരവിളക്ക് ആഘോഷങ്ങളുടെ ഭാഗമായി വിശ്വജിത്ത് തൃക്കാക്കര അവതരിപ്പിച്ച സോപാന സംഗീതം, തത്വമസി ഭജൻസ് ഗ്രൂപ്പ് യു.കെയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഭജന, രമ്യ അരുൺ കൃഷ്ണൻ അവതരിപ്പിച്ച ഭരതനാട്യം എന്നിവ ചടങ്ങുകൾക്ക് ആത്മീയ ചൈതന്യം പകർന്നു. വിദേശത്തും കേരളീയ ആചാരപരമ്പര സംരക്ഷിച്ച് അയ്യപ്പ ഭക്തി ഉയർത്തിപ്പിടിക്കുന്ന മഹോത്സവമായി കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ മകരവിളക്ക് ആഘോഷം മാറി.

Related posts

Leave a Reply

Your email address will not be published. Required fields are marked *