Breaking News

ലക്ഷദീപത്തിന്റെ ഭാഗമായി മകരശീവേലി; ആയിരങ്ങൾ ക്ഷേത്രനടയിൽ ഒത്തുകൂടി

തിരുവനന്തപുരം: ലക്ഷദീപത്തിന്റെ പ്രധാന ചടങ്ങായ മകരശീവേലി തൊഴാൻ ആയിരക്കണക്കിന് ഭക്തർ ക്ഷേത്രനടകളിൽ ഒത്തുകൂടി. ശീവേലിപ്പുര പൂക്കൾ, കരിമ്പ്, വാഴക്കുല എന്നിവകൊണ്ട് അലങ്കരിച്ചിരുന്നതോടൊപ്പം ക്ഷേത്രത്തൂണുകളിലെ സാലഭഞ്ജികകളും വിവിധ മണ്ഡപങ്ങളും ദീപങ്ങളാൽ ദീപ്തിമാനമായി. എല്ലായിടത്തും മൺചിരാതുകൾ തെളിച്ച് ലക്ഷദീപത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിച്ചു.

വൈദ്യുതദീപങ്ങൾക്കു പുറമേ കമ്പവിളക്കുകളും തിരിയിട്ട എണ്ണവിളക്കുകളും തെളിച്ചാണ് ലക്ഷദീപം ഒരുക്കിയത്. ഉത്തരായനാരംഭത്തിനു മുൻപ് നടന്ന 19 ദിവസത്തെ കളഭത്തിനു ശേഷമാണ് ലക്ഷദീപത്തിലെ മകരശീവേലി നടന്നത്. എഴുന്നള്ളത്ത് ദർശനത്തിനായി സന്ധ്യയ്ക്കുമുൻപ് ശീവേലിപ്പുരയുടെ 26 സ്ഥലങ്ങളിൽ ഭക്തർ ഇടംപിടിച്ചു. ശീവേലി കാണുന്നതിനായി തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിൽ പ്രത്യേക പാസുകൾ ക്ഷേത്രം നേരത്തേതന്നെ വിതരണം ചെയ്തിരുന്നു.

അത്താഴപൂജയ്ക്കുശേഷം രാത്രി 8.30-ന് ശീവേലി ആരംഭിച്ചു. കൊടിമരച്ചുവട്ടിൽ ശ്രീപദ്മനാഭനെയും നരസിംഹമൂർത്തിയെയും എഴുന്നള്ളിച്ചു. പെരിയനമ്പി തൊടി സുബ്രഹ്മണ്യൻ സത്യനാരായണൻ ദീപാരാധന നടത്തി.

വാഹനത്തിനു പിന്നാലെ പട്ടുവിരിച്ച കാള, കുതിര, ഡമ്മാനം കെട്ടി വിളംബരം അറിയിച്ച് ആന, കൊടിയും പട്ടവുമേന്തിയ കുട്ടികൾ എന്നിവ അണിനിരന്നു. ഉറയിലിട്ട വാളുമായി നീങ്ങിയ അകത്തെ പ്രവൃത്തികാര്യക്കാർക്ക് പിന്നാലെ ക്ഷേത്രംസ്ഥാനി മൂലംതിരുനാൾ രാമവർമ തൊഴുകൈയ്യുമായി അകമ്പടി വഹിച്ചു. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ ആദിത്യവർമ, മാർത്താണ്ഡവർമ തുടങ്ങിയവരും ശീവേലിയിൽ പങ്കെടുത്തു.

പുഷ്പാഞ്ജലി സ്വാമിയാർ ഒറവങ്കര അച്യുതഭാരതി, തന്ത്രിമാരായ തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാട്, സതീശൻ നമ്പൂതിരിപ്പാട്, ഗോവിന്ദൻ നമ്പൂതിരിപ്പാട്, സജി നമ്പൂതിരിപ്പാട് എന്നിവർ ഗരുഡവാഹനത്തിനു മുന്നിൽ നീങ്ങി. ഉദ്യോഗസ്ഥർ, യോഗത്തിൽ പോറ്റിമാർ തുടങ്ങിയവരും അണിനിരന്നു.

കൈവിളക്കേന്തിയ വനിതകൾ, അഷ്ടമംഗല്യവിളക്കേന്തിയ സംബന്ധക്കാർ, മുല്ലമൂട്ടുഭാഗവതരുടെ നേതൃത്വത്തിൽ സ്വാതികീർത്തനം പാടുന്നവരും, മുറജപത്തിൽ പങ്കെടുത്ത വൈദികരും നാമമന്ത്രജപവുമായി പിന്നിൽ അണിചേർന്നു.

പടിഞ്ഞാറെ തളക്കല്ലിൽ എത്തിയപ്പോൾ തിരുവാമ്പാടിയിൽ നിന്നു ശ്രീകൃഷ്ണസ്വാമിയെ എഴുന്നള്ളിച്ചു. പ്രധാനപൂജയ്ക്കുശേഷം ശീവേലി ഒന്നാം ചുറ്റിലേക്കു കടന്നു. മൂന്നുപ്രദക്ഷിണത്തിനുശേഷം ശീവേലി സമാപിച്ചു. കൊടിമരച്ചുവട്ടിൽ ക്ഷേത്രംസ്ഥാനി വിഗ്രഹങ്ങൾക്കു മുന്നിൽ വടക്കുനോക്കി നമസ്‌കരിച്ചു.

ആറുകൊല്ലം കാത്തിരുന്ന പ്രാർഥനയുടെ പൂർണതയിൽ ഭക്തർ നമസ്‌കരിച്ച് മടങ്ങി. 15,000-ത്തോളം ഭക്തർക്കാണ് മതിലകത്ത് പ്രവേശനം അനുവദിച്ചത്. പുറത്തെ ദീപക്കാഴ്ചയ്ക്ക് അസംഖ്യംപേർ എത്തിയിരുന്നു.

ഗവർണർ രാജേന്ദ്ര ആർലേക്കർ, ജില്ലാ കളക്ടർ അനുകുമാരി, രാജകുടുംബാംഗങ്ങളായ പൂയംതിരുനാൾ ഗൗരി പാർവതിഭായി, അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിഭായി, ഭരണസമിതി ചെയർമാൻ ജില്ലാ ജഡ്ജ് കെ.പി. അനിൽകുമാർ, അംഗങ്ങളായ കരമന ജയൻ, എ. വേലപ്പൻനായർ, എക്സിക്യുട്ടീവ് ഓഫീസർ ബി. മഹേഷ്, മാനേജർ എൻ.കെ. അനിൽകുമാർ, ട്രസ്റ്റ് ഭാരവാഹികളായ ആർ. രാജരാജവർമ, ഡി. വെങ്കിടേശ്വര അയ്യർ തുടങ്ങിയ പ്രമുഖർ ശീവേലിക്ക് സാക്ഷികളായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *