
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പോലീസിന്റെ കസ്റ്റഡിയില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്ന മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. കാപ്പന് വളരെ അവശനിലയിലാണെന്നും കാപ്പനെ മികച്ച ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്കോ സഫ്ദര്‍ ജങ് ആശുപത്രിയിലേക്കോ മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.
കാപ്പന്റെ ഭാര്യ റൈഹാനത്തും കേരള പത്രപ്രവര്‍ത്തക യൂണിയനും ചേര്‍ന്നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. ഇവര്‍ക്കുവേണ്ടി വില്‍സ് മാത്യു ആണ് കോടതിയില്‍ ഹാജരായത്. ഇന്ന് പരിഗണിക്കാനിരുന്ന ഹര്‍ജി ഓണ്‍ലൈനില്‍ ഉണ്ടായ സാങ്കേതിക തടസ്സം നേരിട്ടതിനാല്‍ നാളത്തേക്ക് മാറ്റി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്.
കാപ്പന് കോവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ 20-ാം തീയതിയാണ്. കാപ്പനെ മധുരയിലെ കൃഷ്ണ മോഹന്‍ മെഡിക്കല്‍ കോളേജിലാണ് കാപ്പന് ചികിത്സ നല്‍കുന്നത്. കാപ്പനെ ആശുപത്രിയില്‍ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണെന്ന് അഭിഭാഷകന് വില്‍സ് മാത്യു കോടതിയെ അറിയിച്ചു. എന്നാല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഈ ആരോപണം നിഷേധിച്ചു. ഇതോടെയാണ് കോടതി കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയത്.