Breaking News

വോട്ടെണ്ണല്‍: ആഹ്ലാദപ്രകടനങ്ങള്‍ വിലക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേയ് 2ന് നടക്കുന്ന വോട്ടെണ്ണലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെണ്ണല്‍ നടന്ന കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. കേരളത്തിന് പുറമേ അസം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ ദിവസം മാത്രമല്ല അടുത്ത ദിവസവും ആഹ്ലാദപ്രകടനങ്ങള്‍ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.
ബന്ധപ്പെട്ട റിട്ടേണിങ് ഓഫിസറില്‍നിന്നും വിജയിച്ച സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പോകുമ്പോള്‍ വിജയിച്ചയാള്‍ക്ക് രണ്ടില്‍ കൂടുതല്‍ പേരെ ഒപ്പംകൂട്ടാന്‍ അനുവദിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. വിശദമായ ഉത്തരവ് ഉടന്‍ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
രാജ്യത്തെ കോവിഡ് വ്യാപനത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമായിരുന്നു കോടതിയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ കമ്മീഷന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കഴിഞ്ഞ ആഴ്ച ബംഗാളില്‍ എല്ലാ റോഡ് ഷോകളും പാദയാത്രകളും വാഹന റാലികളും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *