Breaking News

സ്ത്രീകളെ വശീകരിച്ച് കല്യാണം; പിന്നാലെ കവർച്ച – കുപ്രസിദ്ധ മോഷ്ടാവ് കല്യാണരാമൻ ആറ്റിങ്ങൽ പോലീസിന്റെ പിടിയിൽ: വീഡിയോ ദൃശ്യങ്ങൾ

ആറ്റിങ്ങൽ: സ്ത്രീകളെ വശീകരിച്ച് വിവാഹം കഴിച്ച് താമസിക്കവേ പ്രദേശത്തെ ആളൊഴിഞ്ഞ വീടുകൾ കണ്ടെത്തി മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം വീരണകാവ് ചായിക്കുളം ഇലങ്കംവീട്ടിൽ കല്യാണരാമൻ എന്നു വിളിക്കുന്ന 65 വയസുള്ള ബാഹുലേയനാണ് അറസ്റ്റിലായത്.

തിരുവനന്തപുരം ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ചൂളപ്പണിക്ക് പോകുന്നെന്ന വ്യാജേന എത്തുന്ന ഇയാൾ ഭർത്താവിൽ നിന്ന് അകന്നു കഴിയുന്നവരെയും വിധവകളെയും വശീകരിച്ച് വിവാഹം കഴിച്ച് അവരുടെ കൂടെ താമസിക്കുന്നതാണ് പതിവ്. തുടർന്ന് പ്രദേശത്തെ ആളൊഴിഞ്ഞ വീടുകൾ മനസ്സിലാക്കി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.തമിഴ്നാട്ടിൽ ഒരു മോഷണക്കേസിൽപ്പെട്ട് ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ വയോധികയുടെ 7 പവന്റെ സ്വർണമാല മോഷ്ടിച്ച കേസിൽ ഇയാൾ ഒളിവിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ സഹോദരൻ ഉൾപ്പെടെയുള്ള മറ്റ് പ്രതികളെ പോലീസ് പിടികൂടിയിരുന്നെങ്കിലും കല്യാണരാമൻ മലബാർ മേഖലയിൽ നീലേശ്വരത്ത് മറ്റൊരു സ്ത്രീയോടൊപ്പം താമസിച്ചുവരികയായി.==രുന്നു. അവിടെ നിന്ന് തന്ത്രപൂർവ്വം മാറി ആറ്റിങ്ങലിലെത്തി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപമുള്ള ഒരു ലോഡ്ജിൽ ‘ബാബു’ എന്ന പേരിൽ താമസിച്ച് പുതിയ ജോലി അന്വേഷിക്കുകയും അടുത്ത വിവാഹത്തിനായി സ്ത്രീയെ തേടുകയും ചെയ്യുന്നതിനിടയിലാണ് പോലീസ് ഇയാളെ പിടികൂടിയത്.

ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ അജയൻ ജെയുടെ നിർദേശപ്രകാരം എസ്.ഐ ജിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ലോഡ്ജ് മുറിയിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്. കല്യാണരാമൻ എന്ന വിളിപ്പേരിലുള്ള ബാഹുലേയൻ പിടിയിലായ വിവരം സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിലെ പിടികിട്ടാപ്പുള്ളിയായ പ്രതിയെ തുടർനടപടികൾക്കായി ഫോർട്ട് പോലീസിന് കൈമാറുമെന്ന് ആറ്റിങ്ങൽ പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *