
ന്യൂഡല്‍ഹി: ദേശീയതലത്തില്‍ സി.പി.ഐയുടെ ഗ്ലാമര്‍ നേതാവായി ഉയര്‍ന്നുവന്ന കനയ്യകുമാര്‍ പാര്‍ട്ടി വിട്ട് എന്‍.ഡി.എയില്‍ അംഗമായ ജെ.ഡി.യുവിലെത്തുമെന്ന് സൂചന. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായി കനയ്യകുമാര്‍ ചര്‍ച്ച നടത്തി. എന്നാല്‍, കനയ്യകുമാര്‍ പാര്‍ട്ടി വിടാനുള്ള തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
ഡിസംബറില്‍ പട്‌നയിലെ സി.പി.ഐ പാര്‍ട്ടി ഓഫിസില്‍ കനയ്യയുടെ അനുയായികള്‍ ഓഫിസ് സെക്രട്ടറി ഇന്ദു ഭൂഷണെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ കനയ്യയെ താക്കീത് ചെയ്തിരുന്നു. ബഗുസരായി ജില്ലാ കൗണ്‍സില്‍ യോഗം മാറ്റിവച്ചകാര്യം കനയ്യയെ അറിയിച്ചില്ലെന്ന് പറഞ്ഞായിരുന്നു ഇന്ദു ഭൂഷണെ ഒരു കൂട്ടം പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.
സംഭവത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും താക്കീത് ചെയ്ത നടപടി പിന്‍വലിക്കണമെന്നും കനയ്യകുമാര്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പാര്‍ട്ടി ദേശീയ നേതൃത്വം തള്ളിയിരുന്നു. ഇതാവാം കനയ്യ കുമാര്‍ പാര്‍ട്ടി വിടാനുള്ള തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നു. ഈ സാഹചര്യത്തിലാണ് കനയ്യ കുമാര്‍ ജെ.ഡി.യു നേതാവും മന്ത്രിയുമായ അശോക് ചൗധരിയുമായി പട്നയിലെ വസതിയില്‍വച്ച് കൂടിക്കാഴ്ച നടത്തിയത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കനയ്യയ്ക്ക് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കാത്തത് സംബന്ധിച്ച് ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം മാറ്റിവച്ച് അച്ചടക്കമുള്ള നേതാവായി മാറാന്‍ തയാറാണെങ്കില്‍ കനയ്യ കുമാറിനെ സ്വാഗതം ചെയ്യുമെന്ന് സ്വാഗതം ചെയ്യുമെന്ന് ജെ.ഡി.യു വക്താവ് അജയ് അലോക് വ്യക്തമാക്കി.
തങ്ങള്‍ക്കും ഇക്കാര്യത്തില്‍ അനുകൂല നിലപാടാണുള്ളതെന്ന് ബി.ജെ.പി വക്താവും പറഞ്ഞു. അതേസമയം, അശോക് ചൗധരിയുമായുളള കൂടിക്കാഴ്ച സൗഹൃദപരമായിരുന്നുവെന്ന് പറഞ്ഞതല്ലാതെ ചര്‍ച്ചാവിഷയം എന്തായിരുന്നുവെന്ന് കനയ്യകുമാര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.