Breaking News

കേരള ബാങ്ക് നിയമവിരുദ്ധം: യു.ഡി.എഫ് ഭരണത്തില്‍ വന്നാല്‍ പിരിച്ചുവിടുമെന്ന് ചെന്നിത്തല

രമേശ് ചെന്നിത്തല(ഫയല്‍ ചിത്രം)

ആലപ്പുഴ: യു.ഡി.എഫ് ഭരണത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമവിരുദ്ധമായാണ് കേരള ബാങ്കിന്റെ രൂപീകരണം. സഹകരണ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയ്ക്ക് കേരള ബാങ്ക് വഴിവയ്ക്കും. സഹകരണ പ്രസ്ഥാനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ പരിപൂര്‍ണമായും പരാജയപ്പെടുത്തുന്ന ഒന്നാണ് കേരള ബാങ്ക്-ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ആലപ്പുഴയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന താല്‍ക്കാലിക നിയമനങ്ങളും കണ്‍സള്‍ട്ടന്‍സി നിയമനങ്ങളും നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെക്രട്ടറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കേരള ജനതയോട് കാണിക്കുന്ന ദുര്‍വാശി സര്‍ക്കാര്‍ ഉപേക്ഷിക്കണം. കഴിഞ്ഞ ദിവസം ക്യാബിനറ്റ് കൂടി 221 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ എല്ലാം പുനഃപരിശോധിക്കും-ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയും സര്‍ക്കാരും പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്സിനോട് കാണിക്കുന്നത് ക്രൂരതയാണ്. അവരുടേതല്ലാത്ത കാരണം കൊണ്ടാണ് പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്സിന്റെ റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടത്. സി.പി.ഒ.മാരുടെ റാങ്ക് ലിസ്റ്റ് അതിന് തെളിവാണ്. യൂണിവേഴ്സിറ്റി കോളേജ് കുത്തുകേസിലെ പ്രതികള്‍ ഇടംപിടിച്ചതിനു പിന്നാലൊണ് പി.എസ്.സി. റാങ്ക് ലിസ്റ്റ് മരവിപ്പിച്ചതെന്നും ചൂണ്ടിക്കാണിച്ച ചെന്നിത്തല സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി മടികാണിക്കുന്നതെന്നും ചോദിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *