
കോഴിക്കോട്: കേരള കോണ്‍ഗ്രസ്(ബി) പിളര്‍പ്പിലേക്ക്. പത്ത് ജില്ലാ പ്രസിഡന്റുമാരുള്‍പ്പെടെ പാര്‍ട്ടി വിടുമെന്നാണ് വിമതരുടെ വെളിപ്പെടുത്തല്‍. യു.ഡി.എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഇവരുടെ തീരുമാനം. ഇക്കാര്യത്തില്‍ രാവിലെ 11 മണിക്കുതന്നെ തീരുമാനം ഉണ്ടായേക്കും.
ഗണേഷ് കുമാറിനോടുള്ള വിയോജിപ്പാണ് പത്ത് ജില്ലാ പ്രസിഡന്റുമാരുള്‍പ്പെട്ട് ഒരു വിഭാഗം പാര്‍ട്ടി വിടാനുള്ള തീരുമാനത്തിന് പിന്നില്‍. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം പാര്‍ട്ടി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള ഇപ്പോള്‍ സജീവമായി രംഗത്തില്ല. കെ.ബി.ഗണേഷ് കുമാറിനാണ് പാര്‍ട്ടിയുടെ നിയന്ത്രണം.
എന്നാല്‍, ഗണേഷ് കുമാര്‍ പാര്‍ട്ടിയെ തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കുവേണ്ടി മാത്രം വിനിയോഗിക്കുന്നുവെന്നാണ് വിമതരുടെ ആരോപണം. ഗണേഷ് കുമാര്‍ തന്റെ വിശ്വസ്തര്‍ക്കു മാത്രമാണ് പരിഗണന ലഭിക്കുന്നതെന്നാണ് ഇവരുടെ പരാതി.
കോട്ടയം ജില്ലാ പ്രസിഡന്റ് മരിച്ചതിനെ തുടര്‍ന്ന് പുതിയ ആളെ നിയമിച്ചിട്ടില്ലെന്നതും ഗണേഷിനെതിരെ വിമതര്‍ പരാതിയായി ഉയര്‍ത്തിക്കാട്ടുന്നു. പിഎസ്സി അംഗത്തിന്റെ നിയമനം സംബന്ധിച്ച് ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം വിളിച്ചുചേര്‍ത്തെങ്കിലും ആ യോഗത്തില്‍ ചര്‍ച്ച ചെയ്യാതെയാണ് നിയമനം നടത്തിയതെന്നും വിമതര്‍ ആരോപിക്കുന്നു.
പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളൊഴികെ 10 ജില്ലകളിലെ പ്രസിഡന്റുമാരും സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട് വിമതസംഘമാണ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്. ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടി എന്നിവരുമായി ഇവര്‍ ചര്‍ച്ച നടത്തിയിരുന്നു.