
കാപ്പില്‍: കാപ്പില്‍ കടല്‍ തീരത്ത് നടക്കുന്ന അനധികൃത കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടവ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കി. അനധികൃത നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഫെബ്രുവരി ആദ്യ വാരം തന്നെ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉടമസ്ഥര്‍ തയാറായില്ല.
ഫെബ്രുവരി 22ന് പഞ്ചായത്ത് പ്രസിഡന്റ് ബാലിക്കും അയിരൂര്‍ പോലീസും സ്ഥലത്തെത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പിക്കുകയായിരുന്നു. അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്നും ബാലിക് പറഞ്ഞിരുന്നു. എന്നാല്‍ അതിന് ശേഷവും അനധികൃത പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതോടെ ഫെബ്രുവരി 26ന് ഈ സംഭവം ബീക്കണ്‍ ന്യൂസ് വാര്‍ത്തയാക്കി പൊതുജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു.
ഇതേ തുടര്‍ന്നാണ് ഇടവ പഞ്ചായത്ത് തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്ക് ശേഷം അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് കഴിഞ്ഞ ദിവസം സ്‌റ്റോപ് മെമ്മോ നല്‍കിയത്.

വസ്തുവിന്റെ ഉടമസ്ഥനെ പോലീസ് വിളിച്ചുവരുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ സ്റ്റേ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും താന്‍ ഈ വസ്തു വിലയ്ക്ക് വാങ്ങിയതാണെന്നുമാണ് പറഞ്ഞത്.
ഇതോടെ, സ്റ്റേ ഉത്തരവ് സ്ഥലത്തു വച്ചു തന്നെ പഞ്ചായത്തു സെക്രട്ടറി ഉടമസ്ഥരില്‍ ഒരാളായ അന്‍വറിന് നേരിട്ട് കൈമാറുകയായിരുന്നു. കടലേറ്റങ്ങളും കരയിടിച്ചിലുമൊക്കെ സംഭവിക്കുന്ന പ്രദേശമാണ് കാപ്പില്‍ തീരം. അതുകൊണ്ടുതന്നെ തീരദേശ പരിപാലന നിയമം കാറ്റില്‍ പറത്തിക്കൊണ്ട് ഇവിടെ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്കും ജനങ്ങളുടെ ജീവനും ഒരുപോലെ ഭീഷണിയാണ്. തടിയും മുളകളും കൊണ്ട് എളുപ്പം പൊളിച്ചുമാറ്റാവുന്ന രീതിയില്‍ താല്‍ക്കാലിക ഷെഡുകളായിട്ടായിരുന്നു ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
എന്നാല്‍, പിന്നീട് അവയെല്ലാം കോണ്‍ക്രീറ്റ് കെട്ടിടങ്ങളായി മാറിയത് കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ്. ചുരുങ്ങിയ ദിവസംകൊണ്ട് അതിവേഗമാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചിരുന്നത്.

വൈദ്യുത പ്രകാശത്തിന്റെ സഹായത്തോടെ രാത്രി കാലങ്ങളിലും ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. കെട്ടിട നിര്‍മാണ ചട്ടങ്ങളും കോസ്റ്റല്‍ റെഗുലഷന്‍ സോണ്‍ നോട്ടിഫിക്കേഷന്‍ വ്യവസ്ഥകളും അപ്പാടെ ലംഘിച്ചുകൊണ്ടുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് പഞ്ചായത്ത് അധികൃതര്‍ അല്‍പം വൈകിയാണെങ്കിലും കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്.