Breaking News

വര്‍ക്കലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനം കണ്ടെത്താന്‍ ഡ്രോണുകള്‍

വര്‍ക്കല: വര്‍ക്കലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനം കണ്ടെത്താന്‍ ഇനി ഡ്രോണുകളും. വര്‍ക്കല പോലീസാണ് കോവിഡ് പ്രോട്ടോകോള്‍ ഉറപ്പുവരുത്തി കോവിഡ് നിയന്ത്രണ വിധേയമാകാന്‍ ഡ്രോണ്‍ സംവിധാനം രംഗത്തിറക്കിയത്. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വര്‍ക്കലയിലും ഡ്രോണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം വര്‍ക്കല പാപനാശം, ഹെലിപാഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് പോലീസ് കര്‍ശനമായ നിരീക്ഷണം നടത്തി. ഡ്രോണ്‍ സംവിധാനം ഉപയോഗിച്ച് മാസ്‌ക് ഉപയോഗം, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കോവിഡ് പ്രോട്ടോകോളുകളില്‍ വീഴ്ചവരുത്തുന്നവരെ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. വര്‍ക്കല ബീച്ച്, മാര്‍ക്കറ്റുകള്‍ തുടങ്ങി ജനങ്ങള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ഡ്രോണ്‍ സംവിധാനം ഉപയോഗിച്ച് പരിശോധന കര്‍ശനമാക്കുകയാണ് വര്‍ക്കല പോലീസ്.
ഡ്രോണില്‍ ഘടിപ്പിച്ചിട്ടുള്ള അത്യാധുനിക ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തി ഇതിനായി തയാറാക്കിയുള്ള പ്രത്യേക വാഹനത്തിലുള്ള ലാപ്‌ടോപ്പില്‍ എത്തിക്കും. ഈ ദൃശ്യങ്ങളില്‍നിന്ന് കോവിഡ് പ്രോട്ടോകോള്‍ ലംഘനം കണ്ടെത്താനും അങ്ങനെയുള്ളവരെ തിരിച്ചറിയാനും സാധിക്കും. ഈ വാഹനത്തില്‍ 3 പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും. ഇന്നലെ വര്‍ക്കല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച ഇരുപതോളം പേരെയാണ് ഡ്രോണിന്റെ ക്യാമറക്കണ്ണുകള്‍ പിടികൂടിയത്. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതായും പോലീസ് അറിയിച്ചു. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നിസ്തുലമായ സേവനമാണ് വര്‍ക്കല പോലീസ് നടത്തിവരുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *