Breaking News

ജയിംസ് ബോണ്ടിനെ അനശ്വരനാക്കിയ നടൻ ഷോണ്‍ കോണറി അന്തരിച്ചു

ഏഴ് സിനിമകളിലൂടെ ജയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ പ്രശസ്ത നടൻ സർ സീൻ കോണറി അന്തരിച്ചു. 90 വയസായിരുന്നു. സ്കോട്ടിഷ് താരത്തിന്റെ മരണവാർത്ത കുടുംബമാണ് പുറത്തുവിട്ടതെന്ന് ബിബിസി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ജെയിംസ് ബോണ്ട് എന്ന് സിനിമയ്ക്ക് പുറത്തും അറിയപ്പെട്ടിരുന്ന കോണറി, അഞ്ച് പതിറ്റാണ്ടിലേറെക്കാലം ഹോളിവുഡിൽ സജീവമായിരുന്നു. 007 സീരീസിലെ ആദ്യ ചിത്രമായ ഡോ. നോയിലൂടെ 1962 ലാണ് കോണറി പ്രശസ്തനാകുന്നത്. തുടർന്ന് ഫ്രം റഷ്യ വിത്ത് ലവ് (1963), ഗോൾഡ് ഫിംഗർ (1964), തണ്ടർബോൾ (1965), യു ഒണ്‍ലി ലീവ് ടൈ്വസ് (1967), ഡയമണ്ട്സ് ആർ ഫോറെവർ (1971) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ജെയിംസ് ബോണ്ടിനെ സിനിമാ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും മികച്ച നായകനെന്നാണ് വിശേഷിപ്പിച്ചത്.

1930 ഓഗസ്റ്റ് 25 ന് സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയിലാണ് ഷോണ്‍ കോണറി ജനിച്ചത്. 1951 ലാണ് അഭിനയ രംഗത്തെത്തിയത്. 2000 ത്തില്‍ സര്‍ പദവി നൽകി ആദരിച്ചു.

ജെയിംസ് ബോണ്ട് വേഷങ്ങളില്‍നിന്ന് പിന്മാറിയ ശേഷം ദി അണ്‍ടച്ചബിളിലെ ഉജ്വല കഥാപാത്രവുമായാണ് കോണറി ഹോളിവുഡില്‍ തിരിച്ചെത്തിയത്. പിന്നീട് തന്റെ പ്രായത്തിനനുസരിച്ചുള്ള വേഷങ്ങളിലൂടെ അദ്ദേഹം അഭിനയജീവിതം തുടര്‍ന്നു. 1986-ല്‍ ഇറ്റാലിയന്‍ നോവലിസ്റ്റായ ഉംബര്‍ട്ടോ ഇക്കോയുടെ പ്രഥമ നോവലായ നെയിം ഓഫ് ദ റോസിലെ ഫ്രാന്‍സിസ്‌കന്‍ സന്യാസിയുടെ വേഷത്തില്‍ കോണറി എത്തിയിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *