

വര്‍ക്കല: വര്‍ക്കല പാലച്ചിറ കെ.എസ്.ഇ.ബി ഓഫീസിനു മുന്നില്‍ യുവാവിന്റെ രാത്രി സമരം. വര്‍ക്കല ശ്രീനിവാസപുരം സ്വദേശി വിഷ്ണുവാണ് കെ.എസ്.ഇ.ബിയുടെ നിരുത്തരവാദപരമായ നടപടിയില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം മുതല്‍ രാപകല്‍ സമരം ആരംഭിച്ചത്. ശ്രീനിവാസപുരം ടീച്ചേഴ്‌സ് കോളനിയിലെ ഇലക്ട്രിക് പോസ്റ്റുകളിലെ ലൈറ്റുകള്‍ ദിവസങ്ങളായി കത്തുന്നില്ല എന്നുള്ള വിവരം നിരവധി തവണ നേരിട്ട് പാലച്ചിറ കെ എസ് ഇ ബി ഓഫീസില്‍ എത്തി അധികൃതരെ വിവരം അറിയിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു വിഷ്ണുവിന്റെ സമരം. നിങ്ങള്‍ എന്തൊക്കെ ഇവിടെയിരുന്ന് കാണിച്ചാലും, ഇപ്പോ അത് ശരിയാക്കാന്‍ പോകുന്നില്ല എന്നുപറഞ്ഞ് കെ.എസ്.ഇ.ബി ജീവനക്കാര്‍ യുവാവിനെ പരിഹസിച്ചതായും ആരോപണമുണ്ട്.


വര്‍ക്കല നഗരസഭാ ചെയര്‍മാന്‍ കെ.എം.ലാജിയാണ് ടീച്ചേഴ്‌സ് കോളനി ഉള്‍പ്പെടുന്ന വാര്‍ഡിലെ കൗണ്‍സിലര്‍. കെ.എസ്.ഇ.ബിക്ക് മുന്നില്‍ സമരം നടത്തിയ യുവാവ് നഗരസഭാ ചെയര്‍മാന്‍ ലാജിയുടെ ഡ്രൈവര്‍ കൂടിയാണെന്നതാണ് സംഭവത്തിലെ രസകരമായ വസ്തുത. സമരത്തെ തുടര്‍ന്ന് കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും നഗരസഭ ചെയര്‍മാന്‍ കെ.എം.ലാജി, പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി യൂസഫ്, ജില്ലാകമ്മിറ്റി അംഗം തുടങ്ങിയവരുടെയും നേതൃത്വത്തില്‍ അടിയന്തരയോഗം കൂടി. പിന്നാലെ എം.എല്‍.എ വര്‍ക്കല ജോയിയും വിഷയത്തില്‍ ഇടപെട്ടു. അവലോകന യോഗത്തിന് ശേഷം പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി എം.എല്‍.എ അറിയിച്ചു.
