Breaking News

കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിക്ക് നേരെ വെട്ടേറ്റു; പ്രതിയെ വർക്കലയിൽ നിന്ന് പിടികൂടി

കടയ്ക്കാവൂർ: കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിക്ക് നേരെ നടന്ന വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. കടയ്ക്കാവൂർ സ്വദേശിനിയായ വിജി (38)യ്ക്കാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. ആക്രമണത്തിൽ വലതു കൈ മുട്ടിന് താഴെ പൂർണമായും അറ്റുപോയതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

രണ്ട് കൈകൾക്കും വെട്ടേറ്റ ഇവരെ ആദ്യം ചിറയിൻകീഴ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഗുരുതരാവസ്ഥയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബുധനാഴ്ച ഉച്ചയ്ക്ക് 2.20ഓടെ ചാവടിമുക്ക് പ്രദേശത്തായിരുന്നു സംഭവം. വിജിയുടെ രണ്ടാം ഭർത്താവാണെന്ന് പോലീസ് പറയുന്ന അഞ്ചുതെങ്ങ് കായിക്കര സ്വദേശി അനുവാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഇരുവരും കുറച്ചുനാളായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.
കോട്ടയത്ത് ജോലി ചെയ്യുന്ന വിജി കഴിഞ്ഞ ദിവസം നാട്ടിലെത്തി, അനു ജോലി ചെയ്യുന്ന വർക്ക്‌ഷോപ്പിലെത്തിയതായും തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായും പോലീസ് അറിയിച്ചു. ഇതിന് പിന്നാലെ വർക്ക്‌ഷോപ്പിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് പ്രതി വിജിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്.

ആക്രമണത്തിന് ശേഷം പ്രതി യുവതിയുടെ സ്കൂട്ടറിൽ രക്ഷപ്പെട്ടെങ്കിലും മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഉൾപ്പെടെയുള്ള സമീപപ്രദേശങ്ങളിൽ വ്യാപക തെരച്ചിൽ നടത്തി. ഒടുവിൽ വർക്കല തച്ചോട് ഭാഗത്തുനിന്ന് കടയ്ക്കാവൂർ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച യുവതിയുടെ ഇരുചക്രവാഹനവും പോലീസ് പിടിച്ചെടുത്തു.

സംഭവസ്ഥലത്ത് വർക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് സംഘം, ഫോറൻസിക് വിദഗ്ധർ, വിരലടയാള വിദഗ്ധർ എന്നിവർ പരിശോധന നടത്തി. സ്ഥലത്ത് നിന്ന് യുവതിയുടെ സ്വർണമാലയും മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു.
പ്രതി മുമ്പും ആക്രമണക്കേസുകളിൽ പ്രതിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ആദ്യ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ കല്ലമ്പലം പോലീസിൽ കേസ് നിലവിലുണ്ട്. കൂടാതെ, കഴിഞ്ഞ വർഷം ഉത്രാട ദിനത്തിൽ വിജിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലും കടയ്ക്കാവൂർ പോലീസ് കേസെടുത്തിരുന്നു.

ഇപ്പോൾ കേസിന്റെ അന്വേഷണം വർക്കല ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *