Breaking News

കല്ലമ്പലത്ത് വർക്ക് ഷോപ്പ് കേന്ദ്രീകരിച്ചുള്ള ലഹരി ഇടപാട്: MDMA യുമായി യുവാവ് പിടിയിൽ

കല്ലമ്പലം: വർക്ക്ഷോപ്പ് കേന്ദ്രീകരിച്ചുള്ള ലഹരി ഇടപാട്. മയക്കുമരുന്ന് കൈവശം വെച്ച കേസിൽ യുവാവിനെ ഡാൻസാഫ് സംഘം പിടികൂടി. കല്ലമ്പലം ചിറ്റാഴിക്കോട് സ്വദേശിയായ സനൽ (38) ആണ് പിടിയിലായത്. പ്രതിയെ തുടർനടപടികൾക്കായി കല്ലമ്പലം പോലീസിന് കൈമാറി.

സനൽ വീട്ടിനോട് ചേർന്ന് ഇരുചക്ര വാഹനങ്ങളുടെ വർക്ക് ഷോപ്പ് നടത്തി വരികയായിരുന്നു. രാത്രികാലങ്ങളിലും മറ്റും നിരവധി യുവാക്കളും സ്കൂൾ വിദ്യാർഥികളും വാഹനങ്ങളുമായി
വർക്ക്ഷോപ്പിലെത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. വാഹനം നന്നാക്കാനല്ല ഇവർ എത്തുന്നതെന്ന സംശയം ശക്തമായതോടെയാണ് നാട്ടുകാർ ഡാൻസാഫിന് രഹസ്യവിവരം കൈമാറിയത്.

ഇതിനെ തുടർന്ന് ഡാൻസാഫ് സംഘം ആഴ്ചകളായി സനലിനെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതിയുടെ കൈവശത്തുനിന്ന് 1.5 ഗ്രാം എംഡിഎംഎ കണ്ടെത്തി പിടികൂടിയത്.

തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി സിറിഞ്ചുകളും MDMA ലയിപ്പിക്കുന്നതിനുള്ള ലായനി രൂപത്തിലുള്ള കെമിക്കലും കണ്ടെടുത്തു. MDMA വിപണനം ചെയ്യുന്നതിനുള്ള ചെറു പ്ലാസ്റ്റിക് കവറുകളും പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു

പ്രതിക്കെതിരെ NDPS നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *