Breaking News

വഖഫ് ബോര്‍ഡില്‍ വനിതാ പ്രാതിനിധ്യം; ബില്‍ ഈയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും

ഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഈയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. നാല്‍പതിലധികം ഭേദഗതികളാണ് ബില്ലില്‍ ഉള്ളത്. വഖഫ് ബോര്‍ഡില്‍ വനിതകളുടെ പ്രാതിനിധ്യം ഉറപ്പാക്കും, മുസ്‌ലിം ഇതര അംഗങ്ങളെ ഉള്‍പ്പെടുത്തണം, വഖഫ് സ്വത്ത് രജിസ്‌ട്രേഷനായി കേന്ദ്ര പോര്‍ട്ടല്‍ സംവിധാനം ഏര്‍പ്പെടുത്തും എന്നിവയാണ് ബില്ലിലെ നിര്‍ണ്ണായകമായ നിര്‍ദേശങ്ങള്‍. ബില്ലിന്റെ പകര്‍പ്പ് എം.പിമാര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. മുസ്‌ലിം ലീഗും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ലിഗ് ബില്‍ അവതരണത്തെ എതിര്‍ത്ത് കുറിപ്പും നല്‍കിയിട്ടുണ്ട്.

വഖഫ് നിയമ ഭേദഗതി ബില്‍ നിലവില്‍ വരുന്നതോടെ വഖഫ് കൗണ്‍സിലിന്റെയും ബോര്‍ഡുകളുടെയും അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കപ്പെടും. വഖഫ് സ്വത്തുക്കളില്‍ ഇനി മുതല്‍ സര്‍ക്കാരിന്റെ നിയന്ത്രണവും ഉറപ്പ് വരുത്തിയാണ് ബില്‍ അവതരിപ്പിക്കാന്‍ കേന്ദ്രത്തിന്റെ നീക്കം. വഖഫ് സ്വത്തുക്കളെന്നവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കും. തര്‍ക്ക സ്വത്തുക്കളിലും സര്‍ക്കാര്‍ നിലപാട് നിര്‍ണ്ണായകമാകും. വഖഫിന്റെ സ്വത്തുക്കള്‍ രജിസ്ട്രര്‍ ചെയ്യാനായി പോര്‍ട്ടല്‍ നിലവില്‍ വരും. റവന്യൂ നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചേ സ്വത്തുക്കള്‍ വഖഫിലേക്ക് മാറ്റാനാകൂ. പോര്‍ട്ടലിനൊപ്പം ഭൂമി വിവരങ്ങള്‍ക്കായി ഡേറ്റാ ബേസും സജ്ജമാക്കും. വഖഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും നിര്‍ണ്ണായകമായമാറ്റങ്ങള്‍ വരും. 2013 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഭേദഗതി ചെയ്ത് നല്‍കിയ കൂടുതല്‍ അധികാരങ്ങളും എടുത്തുകളയും.

11 അംഗ ബോര്‍ഡില്‍ രണ്ട് പേര്‍ വനിതകളായിരിക്കും. 2 പേര്‍ മുസ്ലിം ഇതര വിഭാഗങ്ങളില്‍ നിന്നുള്ളവര്‍, എം.പി, എം.എല്‍.എ അതാതിടങ്ങളിലെ തദ്ദേശ ഭരണ സ്ഥാപനത്തിലെ ജനപ്രതിനിധി തുടങ്ങിയവര്‍ ബോഡിലുണ്ടാകണമെന്നുമാണ് നിര്‍ദ്ദേശം. മുസ്ലിംങ്ങളിലെ പിന്നാക്ക വിഭാഗത്തില്‍ പെട്ടവരുടെയും പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ബില്‍ നിര്‍ദ്ദേശിക്കുന്നു. ദാനമായും, അല്ലാതെയും ലഭിച്ച സ്വത്തുക്കളില്‍ നിന്നുള്ള വരുമാനവും, നടത്തിപ്പിനുമുള്ള പൂര്‍ണ്ണാധികാരവും വഖഫ് ബോര്‍ഡുകള്‍ക്ക് നല്‍കുന്ന 1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി കൊണ്ടു വരുന്നത്. നിലവില്‍ 1.2 ലക്ഷം കോടി രൂപയുടെ സ്വത്ത് വകകളാണ് വഖഫ് ബോര്‍ഡുകളുടെ കീഴിലുള്ളത്. സൈന്യവും, റെയില്‍വേയും കഴിഞ്ഞാല്‍ രാജ്യത്ത് കൂടുതല്‍ ആസ്തിയുള്ളത് വഖഫ് ബോര്‍ഡുകള്‍ക്കാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *