

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് സഹകരണ വകുപ്പില്‍ നിയമനം നല്‍കാന്‍ തീരുമാനം. കോഴിക്കോട് വേങ്ങേരി സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയിലാണ് നിയമനം നല്‍കുക. തീരുമാനം ബാങ്ക് അധികൃതര്‍ അര്‍ജുന്റെ കുടുംബത്തെ അറിയിച്ചു. ഇപ്പോള്‍ താല്‍ക്കാലികമായാണ് ജോലി നല്‍കുന്നത്. പിന്നീട് സര്‍ക്കാര്‍ ചട്ടങ്ങള്‍ അനുസരിച്ച് സ്ഥിരപ്പെടുത്തും.



അതേസമയം, അര്‍ജുനായുള്ള തെരച്ചില്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ അറിയിപ്പ് നല്‍കിയിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി രേഖാമൂലം കുടുംബത്തെ അറിയിച്ചു. കഴിഞ്ഞ ദിവസം അര്‍ജുന്റെ വീട് സന്ദര്‍ശിക്കവേ കുടുംബം നല്‍കിയ നിവേദനത്തിന് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ മറുപടിയുമായി ജില്ലാ കലക്ടര്‍ അര്‍ജുന്റെ വീട് സന്ദര്‍ശിച്ചു. അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചില്‍ ഷിരൂരില്‍ അവസാനിപ്പിച്ചിട്ട് ഒരാഴ്ചയിലേറെയായി. തിരച്ചില്‍ പുനരാരംഭിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടും മോശം കാലാവസ്ഥ ചൂണ്ടിക്കാട്ടി കര്‍ണാടക സര്‍ക്കാര്‍ തിരച്ചില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.


