

വര്‍ക്കല: വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ പ്രതി അറസ്റ്റില്‍. ചെമ്മരുതി മുട്ടപ്പലം ചാവടിമുക്ക് സമീറ മന്‍സിലില്‍ സുധീറിന്റെ മകന്‍ മുനീര്‍(25) ആണ് അറസ്റ്റിലായത്. സര്‍ക്കാര്‍ ആശുപത്രി-ജീവനക്കാര്‍ സംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ്. പ്രതി ലഹരി വസ്തു ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയുടെ മാതാവ് ദിവസങ്ങളായി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗവിവരത്തെ കുറിച്ച് വനിതാ ഡോക്ടറോട് ചോദിച്ചറിയവെ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ രോഗവിവരം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് പറഞ്ഞതോടെ പ്രതി പ്രകോപിതനാവുകയായിരുന്നു.




തുടര്‍ന്ന് പ്രതി ഡോക്ടര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയും കയ്യേറ്റം ചെയ്യാന്‍ മുതിരുകയുമായിരുന്നു. വനിതാ ഡോക്ടര്‍ സെക്യൂരിറ്റിയെ സഹായത്തിന് വിളിച്ചശേഷം വര്‍ക്കല പോലീസില്‍ പരാതി നല്‍കി. വര്‍ക്കല എസ്.എച്ച്.ഒ പ്രവീണ്‍.ജെ.എസ്, ഗ്രേഡ് എസ്.ഐ ബൈജു, സി.പി.ഒമാരായ സേതു, സുജിത്ത്, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കീഴടക്കിയത്. അയിരൂര്‍ പോലീസ് സ്‌റ്റേഷന്‍ ഉള്‍പ്പെടെ നിരവധി സ്റ്റേഷനുകളിലെ കേസുകളില്‍ പ്രതിയാണ് മുനീര്‍. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



