Breaking News

സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ഡല്‍ഹി: സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കവെ ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് സീതാറാം യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 2015ല്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ടില്‍ നിന്നാണ് സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി പദവി യെച്ചൂരി ഏറ്റെടുത്തത യെച്ചൂരി വര്‍ഗ്ഗീയതയ്‌ക്കെതിരെ സന്ധിയില്ലാ സമരം നയിച്ച നേതാവാണ്.

ആന്ധ്രപ്രദേശിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ് 1952 ഓഗസ്റ്റ് 12-ന് സീതാറാം യെച്ചൂരി ജനിച്ചത്. യെച്ചൂരിയെ സിവില്‍ സര്‍വ്വീസിലേക്ക് അയക്കണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിച്ചെങ്കിലും ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ബിരുദ പഠനത്തിന് ശേഷം ജെ.എന്‍.യുവില്‍ എത്തിയപ്പോള്‍ ഇടതുപക്ഷ ആശയങ്ങളുടെ വിപ്ലവവീര്യത്തോട് ചേര്‍ന്ന് നടക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. കാമ്പസ് രാഷ്ട്രീയത്തിലൂടെ രാജ്യതലസ്ഥാനത്തെ അധികാര വര്‍ഗ്ഗത്തിന്റെ തന്‍പ്രമാണിത്തത്തിനെതിരെ ശബ്ദമുയര്‍ത്തിയതോടെ സീതാറാം യെച്ചൂരിയെന്ന രാഷ്ട്രീയക്കാരനെ രാജ്യമൊട്ടാകെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു.

1978ല്‍ എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായ യെച്ചൂരി എണ്‍പത്തിയഞ്ചിന്റെ തുടക്കത്തില്‍ കേന്ദ്ര കമ്മിറ്റിയിലും 92ല്‍ സി.പി.എം പോളിറ്റ് ബ്യൂറോയിലുമെത്തി. പ്രകാശ് കാരാട്ടിനൊപ്പം സി.പി.എമ്മിനെ മുന്നോട്ട് നയിക്കാനുള്ള വലിയ ഉത്തരവാദിത്തമാണ് ചെറിയ പ്രായത്തില്‍ യെച്ചൂരിയെ പാര്‍ട്ടി ഏല്പിച്ചത്. കലങ്ങിമറിഞ്ഞ ദേശീയ രാഷ്ട്രീയത്തിന്റെ ചരടുകളിലൊന്ന് ദില്ലിയിലെ എ.കെ.ജി ഭവനിലേക്കും നീണ്ടപ്പോള്‍ സ്ഥാപക നേതാവ് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ പ്രിയ ശിഷ്യനായി യെച്ചൂരി മാറി. എണ്‍പതുകളുടെ അവസാനം കോണ്‍ഗ്രസിനെ മുന്നണി രാഷ്ട്രീയത്തിലൂടെ തളര്‍ത്തിയ എതിര്‍നിരയില്‍ യെച്ചൂരിയുമുണ്ടായിരുന്നു.

ജ്യോതിബസു പ്രധാനമന്ത്രിയാക്കുന്നതിനെ പാര്‍ട്ടിയില്‍ എതിര്‍ത്ത യെച്ചൂരി ഐക്യമുന്നണി സര്‍ക്കാരിന്റെ നേതൃത്വത്തിലേക്ക് ദേവഗൗഡയെ നിശ്ചയിച്ച ചര്‍ച്ചകളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തി. എ.ബി.വാജ്‌പേയിയുടെ ഭരണകാലത്ത് സഖ്യകക്ഷികളെ അംഗീകരിക്കുന്ന രാഷ്ട്രീയ നയം സ്വീകരിക്കാന്‍ സോണിയ ഗാന്ധിയെ യെച്ചൂരി പ്രേരിപ്പിച്ചു. അന്നു തൊട്ട് ഇതുവരെയും സോണിയ ഗാന്ധി രാഷ്ട്രീയ അഭിപ്രായം തേടുന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് യെച്ചൂരി. ആ ബന്ധം രാഹുല്‍ ഗാന്ധിയുമായും യെച്ചൂരി തുടര്‍ന്നു. രണ്ടായിരത്തി നാലിലെ യു.പി.എ സര്‍ക്കാരിന്റെ രൂപീകരണത്തിലേക്കാണ് സുര്‍ജിത്തിന്റെ കൂടെ നിന്ന് യെച്ചൂരി പരീക്ഷിച്ച പ്രായോഗിക രാഷ്ട്രീയം വഴിതെളിച്ചത്.

ലോകത്തെങ്ങുമുള്ള കമ്മ്യൂണിസ്റ്റ് പ്രസാനങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന യെച്ചൂരി നേപ്പാളില്‍ ഭരണം പിടിച്ച തീവ്ര ഇടതു നേതാക്കളുടെ അടുത്ത സുഹൃത്തായിരുന്നു. ദില്ലിയില്‍ നരേന്ദ്ര മോദിയുടെ ഉദയത്തിനു ശേഷം രാജ്യത്തുടനീളം വിദ്യാര്‍ത്ഥികളും കര്‍ഷകരും തീര്‍ത്ത പ്രതിരോധങ്ങളുടെ ചാലകശക്തിയായി നിലകൊണ്ടു. പാര്‍ട്ടി ആസ്ഥാനത്ത് ഒന്നിലധികം തവണ ചില വലതുപക്ഷ സംഘടനകള്‍ യെച്ചൂരിയെ ആക്രമിക്കാന്‍ ലക്ഷ്യം വച്ചെത്തി. വി.എസ്.അച്യുതാനന്ദനെ പാര്‍ട്ടിയില്‍ നിറുത്താനും കേന്ദ്ര നേതൃത്വവുമായി തെറ്റിയ ബംഗാള്‍ ഘടകത്തെ ഇണക്കാനുമൊക്കെ യെച്ചൂരി വഹിച്ച പങ്ക് വളരെ വലുതാണ്.

വര്‍ഗ്ഗീയതയ്‌ക്കെതിരെയും അക്രമ രാഷ്ട്രീയത്തിനെതിരെയും സന്ധിയില്ലാത്ത സമരം നടത്താന്‍ യെച്ചൂരിയെന്ന സൗമ്യനായ രാഷ്ട്രീയക്കാരന് സാധിച്ചിരുന്നു. അവസാന ശ്വാസം വരെ ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ദേശീയ മുഖവും ശബ്ദവും യെച്ചൂരിയുടേതായിരുന്നു. എതിര്‍ രാഷ്ട്രീയ ആശയം പേറുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളോടെ പൊരുതുമ്പോഴും അദ്ദേഹം ചെറുപുഞ്ചി എന്നും മനസിലും മുഖത്തും സൂക്ഷിച്ചിരുന്നു. പ്രത്യയശാസ്ത്രത്തിന്റെ കനമില്ലാത്ത സംസാരവും പെരുമാറ്റവും പ്രവര്‍ത്തിയും കൈമുതലാക്കി ഇന്ത്യന്‍ ഇടതുപക്ഷത്തിന് ആശയ വ്യക്തതയ്‌ക്കൊപ്പം പ്രായോഗികതയുടെ പുതുമയാര്‍ന്ന വഴികളും തുറന്നു നല്‍കാന്‍ യെച്ചൂരിക്ക് സാധിച്ചു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ തിരിച്ചുവരവിനൊരുങ്ങുന്ന ഇടതുപക്ഷ ചേരിക്ക് വലിയ നഷ്ടമാണ് യെച്ചൂരിയുടെ വിടവാങ്ങളിലൂടെ സംഭവിച്ചിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *