

ദില്ലി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. അനന്തകാല തടവ് ശരിയല്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. അറസ്റ്റ് നടപടി നിയമവിരുദ്ധമാണോയെന്നും സ്ഥിര ജാമ്യം അനുവദിക്കണോയെന്നും കസ്റ്റഡിയിലുള്ള ആളെ അറസ്റ്റ് ചെയ്യാമോയെന്നുമുള്ള മൂന്ന് കാര്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് സൂര്യകാന്ത് ആണ് ദില്ലി മുഖ്യമന്ത്രിക്ക് ജാമ്യം അനുവദിച്ചുള്ള വിധി പറഞ്ഞത്. കേസില്‍ വിചാരണ പെട്ടെന്ന് പൂര്‍ത്തിയാകാനിടയില്ലെന്നും ഉത്തരവില്‍ വിലയിരുത്തി.




ഇതോടെ കെജ്‌രിവാളിന്റെ ജയില്‍ മോചനം സാധ്യമാകും. ജൂണ്‍ 26 നാണ് കെജ്‌രിവാളിനെ ഇ.ഡി കസ്റ്റഡിയിലിരിക്കേ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇ.ഡി കേസില്‍ സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. മദ്യനയ കേസില്‍ നേരത്തെ അറസ്റ്റിലായ മനീഷ് സിസോദിയക്കും കെ.കവിതയ്ക്കും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. നുണയ്ക്കും ഗൂഢാലോചനക്കും എതിരെ സത്യം വിജയം കണ്ടെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ പ്രതികരിച്ചു. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ദില്ലിയില്‍ വന്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.



