Breaking News

സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് ബിന്ദു; അന്വേഷണത്തിന് കസ്റ്റംസ്

ആലപ്പുഴ: മാന്നാറില്‍നിന്ന് തട്ടിക്കൊണ്ടുപോയ ബിന്ദുവിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യമായി. ദുബായില്‍നിന്ന് ഒന്നര കിലോ സ്വര്‍ണ്ണം കൊണ്ടുവന്നെന്നും പിടിക്കപ്പെടുമെന്ന് ഭയന്ന് അത് വിമാനത്താവളത്തില്‍തന്നെ ഉപേക്ഷിച്ചുവെന്നും ബിന്ദു പോലീസിന് മൊഴി നല്‍കി. അതേസമയം, ബിന്ദുവിന്റെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും പോലീസ് പറയുന്നു.
സ്വര്‍ണ്ണക്കടത്തുമായി ബിന്ദുവിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ കേസില്‍ കസ്റ്റംസും അന്വേഷണം നടത്തും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കസ്റ്റംസ് സംഘം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മാന്നാര്‍ പോലീസ് സ്റ്റേഷനിലെത്തി. വൈകാതെ ഇവര്‍ യുവതിയുടെ വീട്ടിലെത്തി മൊഴിയെടുക്കും.
മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനിയായ ബിന്ദുവിനെയാണ് കഴിഞ്ഞ ദിവസം അജ്ഞാതസംഘം മാന്നാറിലെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകള്‍ക്ക് ശേഷം യുവതിയെ ഇവര്‍ പാലക്കാട് വടക്കഞ്ചേരിയില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് യുവതി പോലീസ് സ്റ്റേഷനിലെത്തി അഭയം തേടുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ദുബായില്‍നിന്നെത്തിയ യുവതിയെ സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ദുബായില്‍നിന്ന് കൊണ്ടുവന്ന സ്വര്‍ണം മറ്റാര്‍ക്കെങ്കിലും കൈമാറിയോ എന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്. ഹനീഫ എന്നയാളാണ് ദുബായില്‍വെച്ച് ബിന്ദുവിന് സ്വര്‍ണം നല്‍കിയതെന്നും ഇയാളാണ് രണ്ടു തവണ യുവതിക്ക് വിസിറ്റിങ് വിസ സംഘടിപ്പിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്ന വിവരം സ്ഥിരീകരിച്ചതോടെയാണ് കസ്റ്റംസും ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *