
വര്‍ക്കല: നഗരസഭ ബജറ്റ് ചര്‍ച്ച പ്രതിപക്ഷം ബഹിഷ്കരിച്ചു. ഇന്ന് രാവിലെ 10.30ഓടെ തുടങ്ങിയ ബജറ്റ് ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷമായ ബി.ജെ.പി അംഗങ്ങള്‍ വാക്കൗട്ട് നടത്തിയതോടെ കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയില്‍ ഭരണസമിതി ബജറ്റ് പാസാക്കുകയായിരുന്നു. ക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്കി വര്‍ക്കല നഗരസഭയുടെ 2020-21 വര്‍ഷത്തെ പുതുക്കിയ ബജറ്റും 2020-21 വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റും തിങ്കളാഴ്ച അവതരിപ്പിച്ചു. എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതിയുടെ ആദ്യ ബജറ്റ് വൈസ് ചെയര്‍പേഴ്സണ്‍ കുമാരി സുദര്‍ശിനിയാണ് ബജറ്റ് അവതരിപ്പിച്ചത്.
കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ സ്വരൂപിച്ച ജനങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസവും പ്രതീക്ഷയും യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് അഴിമതി രഹിതവും സുതാര്യവും സുസ്ഥിരവുമായ ഒരു സദ്ഭരണം കാഴ്ചവയ്ക്കാന്‍ ഈ ബജറ്റിലൂടെ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായി വൈസ് ചെയര്‍പേഴ്സണ്‍ പറഞ്ഞു. പാര്‍പ്പിടം, കുടിവെള്ളം, വൈദ്യുതി, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ, വയോജന ക്ഷേമം, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, സുരക്ഷിതത്വം, നഗര വികസനം എന്നിവ കണക്കിലെടുത്ത് വിപുലമായ പദ്ധതികള്‍ നടപ്പിലാക്കാനാണ് ഈ ബജറ്റിലൂടെ ലക്ഷ്യമിടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അന്നപൂര്‍ണ്ണ പ്രഭാത ഭക്ഷണ പദ്ധതി, യോഗ, സ്വയം പ്രതിരോധത്തിന് വേണ്ടിയുള്ള കരാട്ടെ, ലൈബ്രറി ശാക്തീകരണം തുടങ്ങി ഇതര പദ്ധതികള്‍ക്കായി വിദ്യാഭ്യാസ മേഖലയില്‍ 38 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. ആര്‍ദ്രം പദ്ധതിയിലൂടെ പി.എച്ച്.സികളെയെല്ലാം കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റുന്നതിനും, താലൂക്ക് ആശുപത്രിയുടെയും ഹോമിയോ ആശുപത്രിയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി ആരോഗ്യമേഖലയ്ക്ക് 4 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
തീര്‍ത്ഥാടന-ടൂറിസം മേഖലയായ വര്‍ക്കലയെ മാലിന്യ മുക്ത നഗരമാക്കുന്നതുള്പ്പെടെയുള്ള പദ്ധതികള്‍ക്കായി ശുചിത്വ മാലിന്യ സംസ്കരണ മേഖലയ്ക്കായി 2 കോടി 22 ലക്ഷം വകയിരുത്തി. അഗതി കേരളം പദ്ധതി, ആശ്രയ പദ്ധതി, ഭിന്നശേഷിക്കാര്‍ക്കുള്ള പദ്ധതി, മാസ ചന്തകളുടെയും ഓണച്ചന്തകളുടെയും നടത്തിപ്പ് തുടങ്ങിയ സ്ത്രീ ശാക്തീകരണ പദ്ധതികള്‍ക്കായി ഈ മേഖലയില്‍ 1 കോടി രൂപ വകയിരുത്തി.
പട്ടികജാതി മേഖലയ്ക്ക് 1 കോടി 92 ലക്ഷവും തെരുവ് വിളക്കുകളുടെ പരിപാലനത്തിനും ഊര്‍ജ്ജ സംരക്ഷണത്തിനുമായി ഈ മേഖലയില്‍ 55 ലക്ഷവും പൊതുമരാമത്തിന് 3 കോടി 59 ലക്ഷവും, വിഷരഹിത ഭക്ഷണവും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കിക്കൊണ്ട് കാര്‍ഷിക മേഖലയില്‍ 71 ലക്ഷവും, മൃഗസംരക്ഷണത്തിന് 29 ലക്ഷവും മാറ്റിവച്ചിട്ടുണ്ട്.
മുതിര്‍ന്ന പൗരന്മാരുടെയും സ്ത്രീകളുടെയും വിധവകളുടെയും വികലാംഗരുടെയും അവിവാഹിതരായ സ്ത്രീകളുടെയും കര്‍ഷകരുടെയും മറ്റ് ഇതര മേഖലകളിലെ തൊഴിലാളികളുടെയും ഉന്നമനം ലക്ഷ്യമിട്ട് വിവിധ സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ക്കായി ബജറ്റില്‍ 10 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 8 കോടി 50 ലക്ഷവും കുടുംബശ്രീക്ക് 20 ലക്ഷവും ലൈഫ്-പി.എം.എ.വൈ പദ്ധതികള്‍ക്ക് 10 കോടിയും നഗരസഭ വികസനത്തിന് 14 ലക്ഷവും വയോജന ക്ഷേമത്തിന് 19 ലക്ഷവും ജലസംരക്ഷണത്തിന് 43 ലക്ഷവും ബജറ്റില്‍ വകയിരുത്തി.