Breaking News

എം.വി.ഗോവിന്ദനെക്കൊണ്ട് മറുപടി പറയിക്കും; രൂക്ഷ പ്രതികരണവുമായി കെ. സുധാകരന്‍

കണ്ണൂര്‍: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ആരോപണങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി കെ.സുധാകരന്‍ രംഗത്തെത്തി. എം.വി.ഗോവിന്ദനെക്കൊണ്ട് മറുപടി പറയിക്കുമെന്നാണ് കെ.സുധാകരന്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. മോന്‍സന്‍ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്സോ കേസിലെ അതിജീവിതയെ പീഡിപ്പിക്കുമ്പോള്‍ താന്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന എം.വി.ഗോവിന്ദന്റെ ആരോപണം ശുദ്ധ അസംബന്ധമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ.സുധാകരന്‍.

എം.വി.ഗോവിന്ദനെ മാഷെന്ന് വിളിക്കാന്‍ പോലും തനിക്ക് ലജ്ജ തോന്നുന്നുവെന്നും ഇദ്ദേഹം പഠിപ്പിച്ച കുട്ടികളുടെ ഗതിയെന്തായിരിക്കുമെന്നും കെ.സുധാകരന്‍ പരിഹസിച്ചു. ‘കായികാധ്യാപകനായിരുന്നുപോലും, അപ്പോ പിന്നെ രക്ഷയിലല്ലോ. ഫുട്ബോള്‍ ചവിട്ടുകയല്ലേ വേണ്ടൂ. ഗോളായാലും ഇല്ലെങ്കിലും ബോളടിക്കാലോ? അദ്ദേഹത്തിന്റെ ഗതി അതാണെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല, അത്രയേ നമ്മള്‍ പ്രതീക്ഷിക്കണ്ടൂ. എം.വി. ഗോവിന്ദനെക്കൊണ്ട് മറുപടി പറയിക്കും. മനുഷ്യത്ത്വവും സംസ്‌കാരവുമുള്ള ഏതെങ്കിലും നേതാക്കള്‍ സി.പി.എമ്മില്‍ ഉണ്ടെങ്കില്‍ പാര്‍ട്ടിക്ക് അകത്ത് പ്രതികരിക്കണം. തന്നെ കുരുക്കാന്‍ ശ്രമിച്ചാല്‍ കാലവും ദൈവവും മറുപടി കൊടുക്കും’- കെ.സുധാകരന്‍ പറഞ്ഞു.

മോന്‍സന്‍ മാവുങ്കലിനെതിരായ പുരാവസ്തു കേസിലെ പരാതിക്കാരുമായി തനിക്ക് യാതൊരു ബന്ധവുമില്ല. അത്രമാത്രം ബന്ധമില്ലാത്ത ചെറുപ്പക്കാര്‍ എന്തിന് തന്നെ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന അന്വേഷണത്തിലായിരുന്നു. എന്നാല്‍, ഇതിന് പിന്നില്‍ സി.പി.എമ്മായിരുന്നു എന്ന് ഇപ്പോഴാണ് മനസിലായത്. ഒരു ഭരണകൂടം ഇതുപോലെ തരംതാണ് നെറികെട്ട പ്രവര്‍ത്തനം നടത്തുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല. മനുഷ്യത്വമുള്ള രാഷ്ട്രീയനേതൃത്വത്തിന് ഇത് തോന്നുമോ? കെട്ടുകഥയുണ്ടാക്കി പൊതുപ്രവര്‍ത്തകനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭരണകൂടം രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന് അപമാനമാണെന്നും സുധാകരന്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *