Breaking News

വര്‍ക്കലയില്‍ ഞാറുനടീല്‍ ഉത്സവമാക്കി വിദ്യാര്‍ത്ഥികളും ഗ്രാമീണ കര്‍ഷകരും

വര്‍ക്കല: വര്‍ക്കലയില്‍ കാര്‍ഷിക സംസ്‌കൃതിയുടെ വിളംബരക്കാഴ്ചയായി വിദ്യാര്‍ത്ഥികളും ഗ്രാമീണ കര്‍ഷക കൂട്ടായ്മയും. ചെമ്മരുതി പഞ്ചായത്തിലാണ് കാര്‍ഷിക സംസ്‌ക്കാരത്തിന്റെ സുവര്‍ണ്ണകാല സ്മരണകള്‍ ഉയര്‍ത്തി വിദ്യാര്‍ത്ഥികളും ഗ്രാമീണ കര്‍ഷകരും മണ്ണിലേക്കിറങ്ങിയത്. ശിവഗിരി സ്‌കൂളിലെ എന്‍.എസ്.എസ് വോളന്റിയര്‍മാരായ വിദ്യാര്‍ത്ഥികളും കര്‍ഷകരും കൈകോര്‍ത്ത് പാടത്തേക്കിറങ്ങിയപ്പോള്‍ കണ്ടുനിന്നവരുടെ മനസില്‍ വിരിഞ്ഞത് മണ്ണില്‍നിന്ന് പൊന്നുവിളയിച്ചിരുന്ന ഒരു നല്ല കാലത്തിന്റെ ഈരടികളാണ്. കൃഷി അതിന്റെ എല്ലാ പെരുമയോടും കൂടി നിലനിന്നിരുന്ന കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ക്കൊപ്പം കാര്‍ഷിക വൃത്തിയുടെ ഇന്നിന്റെ ആവശ്യകത കൂടി വിളിച്ചുപറയുകയായിരുന്നു വിദ്യാര്‍ത്ഥികളും ഗ്രാമീണ കര്‍ഷകരും.

വര്‍ക്കല ചെമ്മരുതി പഞ്ചായത്തിലെ മുട്ടപ്പലം പാടശേഖരത്തിലാണ് കുട്ടികളും കര്‍ഷകരും ഞാറുനടീല്‍ ഉത്സവം നടത്തിയത്. മുപ്പത് ഏക്കറോളമുണ്ടായിരുന്ന മുട്ടപ്പലം പാടശേഖരത്തില്‍ ഇന്ന് അവശേഷിക്കുന്നത് 15 ഏക്കറില്‍ താഴെ മാത്രമാണെന്ന് ഞാറുനടീല്‍ ഉത്സവത്തില്‍ പങ്കെടുത്ത ചെമ്മരുതി കൃഷി ഓഫീസര്‍ റോഷ്‌ന പറഞ്ഞു. തരിശായി കിടക്കുന്ന പാടങ്ങള്‍ കൃഷിയോഗ്യമാക്കി തീര്‍ക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും റോഷ്‌ന വ്യക്തമാക്കി.

നെല്‍കൃഷിക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും കൃഷി നല്ല രീതിയില്‍ നടക്കുന്നില്ലെന്നാണ് ഗ്രാമീണ കര്‍ഷകരുടെ പരിഭവവും പരാതിയും. തൊഴിലുറപ്പ് ജോലിക്കാരെ കൂടി കൃഷി സംബന്ധമായ ജോലികള്‍ക്ക് നിയോഗിച്ച് ഒന്നിച്ച് പരിശ്രമിച്ചാല്‍ കേരളത്തിന്റെ കാര്‍ഷിക സംസ്‌കൃതി തിരികെകൊണ്ടുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷയും കര്‍ഷകര്‍ പങ്കുവയ്ക്കുന്നു.

കുട്ടികളെ സംബന്ധിച്ച് ഇത് വളരെ നല്ല അനുഭവമാണെന്ന് ശിവഗിരി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അഭിപ്രായപ്പെട്ടു. ഇന്നത്തെ കുട്ടികള്‍ക്ക് കാര്‍ഷിക സംസ്‌കൃതിയുടെ ഭാഗമാകാനുള്ള അവസരങ്ങളും അറിവുകളും ലഭിക്കുന്നില്ലെന്ന് പ്രിന്‍സിപ്പാള്‍ ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്ക് ഞാറുനടീല്‍ ഉത്സവത്തിലൂടെ കൃഷിയെകുറിച്ച് അറിയാനും അതിന്റെ മഹത്വം മനസിലാക്കാനുമുള്ള അവസരം ഒരുക്കിയ ഗ്രാമീണ കര്‍ഷക കൂട്ടായ്മയ്ക്ക് നന്ദി പറയാനും പ്രിന്‍സിപ്പാള്‍ മറന്നില്ല.

പുതിയ തലമുറയ്ക്ക് കൃഷിയെ കുറിച്ച് അറിവുകള്‍ ഇല്ലെന്നും ഇങ്ങനെയുള്ള അനുഭവങ്ങളും പ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് വളരെയേറെ പ്രചോദനം നല്‍കുമെന്നും എന്‍.എസ്.എസ് വോളന്റിയേഴ്‌സ് പ്രതിനിധിയായ വിദ്യാര്‍ത്ഥിനി പറഞ്ഞു. ഇന്ന് വിദ്യാര്‍ഥികളും യുവാക്കളും ലഹരികള്‍ക്ക് അടിമപ്പെട്ടു വരുകയാണെന്നും കൃഷിയില്‍ ശ്രദ്ധ കൊടുത്താല്‍ ലഹരി തേടിലുള്ള യാത്രയില്‍നിന്ന് അവരെ പിന്തിരിപ്പിക്കാമെന്നും ആ കൊച്ചുമിടുക്കി വ്യക്തമാക്കി.

കാര്‍ഷിക കൂട്ടായ്മയിലെ കര്‍ഷകരായ സതീഷ് കുമാര്‍, ജനാര്‍ദ്ദനന്‍ ഉണ്ണിത്താന്‍, രാധാകൃഷ്ണന്‍, വിജയലക്ഷ്മി, ബാബു എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *