
നിലമ്പൂര്‍: കാടിനുള്ളില്‍ പ്രസവത്തെ തുടര്‍ന്ന് ആദിവാസി യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം. ചോലനായ്ക്കന്‍ വിഭാഗത്തില്‍പെട്ട മോഹനന്റെ ഭാര്യ നിഷ എന്ന ചക്കി(38)യും പിഞ്ചു കുഞ്ഞുമാണ് മരിച്ചത്. കരുളായിയില്‍ നെടുങ്കയത്തു നിന്ന് 20 കിലോമീറ്റര്‍ ഉള്‍കാടിനുള്ളിലെ മണ്ണളയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. യുവതിയുടെ മരണവും സംസ്‌കാരവും കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷമാണ് സംഭവം ആരോഗ്യ പ്രവര്‍ത്തകര്‍ അറിയുന്നത്. കുഞ്ഞിന് പാല് നല്‍കിയതിന് പിന്നാലെയാണ് യുവതി മരിച്ചതെന്ന് ഭര്‍ത്താവ് മോഹനന്‍ പറയുന്നു.
പുറംലോകവുമായി ബന്ധം പുലര്‍ത്തുന്നതിന് ഇപ്പോഴും വിമുഖത കാട്ടുന്ന ആദിവാസി ഗോത്ര സമൂഹമാണ് ചോലനായ്ക്കന്‍മാര്‍. ഇവരെ പൊതുസമൂഹത്തിലേയ്ക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തലത്തില്‍ പല പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഉള്‍ക്കാടുകളിലെ പാറകളിലോ ഗുഹകളിലോ കുടിലുകളിലൊ താമസിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവരെ അവിടെത്തന്നെ സുരക്ഷിതമായി താമസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിച്ചു പോരുന്നത്.
ഉള്‍വനത്തിലേയ്ക്ക് എത്തിപ്പെടുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ഇവര്‍ക്കായുള്ള മിക്ക സര്‍ക്കാര്‍ പദ്ധതികളും പാതിവഴിയില്‍ മുടങ്ങുകയോ നടപ്പാകാതെ പോകുകയോ ചെയ്യുന്നതാണ് പതിവ്. പദ്ധതികള്‍ കാര്യക്ഷമമല്ല എന്നതിന്റെ സൂചനയാണ് ആദിവാസി യുവതിയുടെ മരണത്തിലൂടെ വ്യക്തമാകുന്നതെന്നാണ് കരുളായി പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നത്. നിഷയ്ക്ക് ഗര്‍ഭകാലത്ത് വേണ്ടത്ര മരുന്നുകളൊ പരിചരണങ്ങളൊ ലഭിക്കാതിരുന്നതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, പ്രസവം ആശുപത്രിയിലാക്കണമെന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് ഇത്തരത്തിലുള്ള മരണങ്ങള്‍ക്ക് ഇടയാക്കുന്നത് എന്നാണ് അധികൃതര്‍ പറയുന്നത്.