
ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ എം.എം.ഹസ്സനെ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കത്ത്. എം.എല്‍.എമാരും എം.പിമാരും കെ.പി.സി.സി ഭാരവാഹികളുമാണ് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.
കെ.പി.സി.സി നേതൃത്വത്തെ പരസ്യമായി എതിര്‍ത്തു, പാര്‍ട്ടിയും യു.ഡി.എഫ് സംവിധാനവും തമ്മില്‍ സ്വരചേര്‍ച്ചയിലല്ലെന്ന രീതിയില്‍ പ്രസ്താവനകളിറക്കി, പാര്‍ട്ടിയോട് ആലോചിക്കാതെ നിലപാടുകള്‍ പരസ്യപ്പെടുത്തി, മാധ്യമങ്ങളുടെ അകമ്പടിയോടെ വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളെ കണ്ടു തുടങ്ങിയ കാര്യങ്ങളാണ് ഹസ്സനെതിരെ കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.
യു.ഡി.എഫ് കണ്‍വീനറായി ഹസ്സന് തുടരുന്നത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടുന്നതിന് കാരണമാകുമെന്നും കത്തില്‍ പറയുന്നു. കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍, സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തുടങ്ങിയവര്‍ക്കടക്കമാണ് പരാതി ലഭിച്ചിട്ടുള്ളത്. ചില എംപിമാരും എംഎല്‍എമാരും താരിഖ് അന്‍വറിന് നേരിട്ടാണ് പരാതി ബോധിപ്പിച്ചിട്ടുള്ളത്.