Breaking News

പുതിയ മന്ത്രിസഭയില്‍ ആരൊക്കെ? സാധ്യതകള്‍ ഇങ്ങനെ

എം.വി.ഗോവിന്ദന്‍, വി.ശിവന്‍കുട്ടി, വീണ ജോര്‍ജ്‌

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ തുടര്‍ ഭരണത്തില്‍ പുതിയ മന്ത്രിസഭയില്‍ ആരൊക്കെയാവും ഉണ്ടാവുക? ഡോ.തോമസ് ഐസക്, ഇ.പി.ജയരാജന്‍ എന്നിവരുള്‍പ്പെടെ 5 മന്ത്രിമാര്‍ മത്സരിച്ചിരുന്നില്ല. നിലവില്‍ മന്ത്രിയായിരുന്നു മെഴ്‌സിക്കുട്ടിയമ്മ പരാജയപ്പെടുകയും ചെയ്തു. എം.എം.മണിയും ടി.പി.രാമകൃഷ്ണനും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടില്ലെന്നും സൂചനയുണ്ട്. ഇതെല്ലാം മന്ത്രിസഭയിലേക്ക് പുതുമുഖങ്ങള്‍ എത്താനുള്ള സാധ്യത തുറന്നിടുന്നു.
സി.പി.എമ്മില്‍നിന്ന് 13 അംഗങ്ങള്‍ മന്ത്രിസഭയില്‍ എത്തും. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തര്‍ക്കമില്ലതന്നെ. കെ.കെ.ശൈലജയുടെ കാര്യവും ഉറപ്പാണ്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലെ സീനിയര്‍ അംഗവും ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തതില്‍ ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയും തെരഞ്ഞെടുപ്പില്‍ ലഭിച്ച വന്‍ ഭൂരിപക്ഷവും ശൈലജയുടെ മന്ത്രിസ്ഥാനം ഉറപ്പിക്കുന്നു. ജയിച്ചവരില്‍ എം.വി. ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായതിനാല്‍ ഇവരും മന്ത്രിസഭയിലെത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.
കടകംപള്ളിക്ക് പകരം വി.ശിവന്‍കുട്ടി മന്ത്രിസഭയിലെത്താനാണ് സാധ്യത. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ തന്നെ ശബരിമല വിഷയത്തില്‍ നടത്തിയ ഏറ്റുപറച്ചില്‍ കടകംപള്ളിക്ക് വിനയാകും. പകരം കുറച്ചുകൂടി കര്‍ക്കശനായ വി.ശിവന്‍കുട്ടിക്ക് നറുക്ക് വീഴാനാണ് സാധ്യത. മാത്രമല്ല, കുമ്മനെ പരാജയപ്പെടുത്തി ബി.ജെ.പിയുടെ ആകെയുള്ള അക്കൗണ്ട് ഇല്ലാതാക്കിയെന്ന ഇമേജും അദ്ദേഹത്തിന് ഗുണംചെയ്യും. അങ്ങനെയെങ്കില്‍ കടകംപള്ളി വഹിച്ചിരുന്ന വകുപ്പ് തന്നെയാകും വി.ശിവന്‍കുട്ടിക്ക് ലഭിക്കുക.
കെ.കെ.ശൈലജയ്ക്ക് പുറമേ വീണ ജോര്‍ജ്, കാനത്തില്‍ ജമീല, ആര്‍.ബിന്ദു എന്നിവരില്‍ ഒരാള്‍കൂടി മന്ത്രിസഭയില്‍ എത്തും. എന്നാല്‍, വീണ ജോര്‍ജ്ജ് സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ കാനത്തില്‍ ജമീല, ആര്‍.ബിന്ദു ഇവരില്‍ ആരെങ്കിലും മന്ത്രിസഭയില്‍ എത്തും. കെ.ടി.ജലീല്‍ ഇത്തവണ മന്ത്രിസഭയില്‍ ഉണ്ടാകാനിടയില്ല. ന്യൂനപക്ഷ കോര്‍പറേഷനിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട ലോകായുക്തയുടെ വിധി ജലീലിന് വിനയാകും. തുടര്‍ ഭരണത്തിലൂടെ ലഭിച്ച ഇമേജ് ലോകായുക്ത കുറ്റക്കാരനെന്ന് കണ്ടെത്തിയ ജലീലിന് മന്ത്രിസ്ഥാനം നല്‍കുന്നതിലൂടെ നഷ്ടപ്പെടുത്താന്‍ സി.പി.എമ്മും പിണറായിയും തയാറാകാന്‍ സാധ്യതയില്ല. മാത്രമല്ല, വരുംദിവസങ്ങളില്‍ ലോകായുക്ത വിധിയുടെ ചുവടുപിടിച്ച് ജലീലിനെതിരെ കൂടുതല്‍ നടപടി ആവശ്യപ്പെടാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. എ.സി.മൊയ്തീനെ മന്ത്രിസഭയില്‍ നിലനിര്‍ത്തിയേക്കും.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എന്‍.ബാലഗോപാല്‍, പി.രാജീവ് എന്നിവര്‍ മന്ത്രിസ്ഥാനത്തേക്ക് എത്തും. ഇവര്‍ക്ക് പുറമേ വി.എന്‍.വാസവന്‍, സജി ചെറിയാന്‍, എം.ബി.രാജേഷ്, പി.പി.ചിത്തരഞ്ജന്‍, എ.എന്‍.ഷംസീര്‍, സി.എച്ച്.കുഞ്ഞമ്പു എന്നിവര്‍ക്കാണ് മന്ത്രിസഭയില്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. മലപ്പുറം പ്രാതിനിധ്യമായി വി.അബ്ദുറഹ്മാന്റെ പേരും പരിഗണിക്കപ്പെട്ടേക്കാം.

Related posts

Leave a Reply

Your email address will not be published. Required fields are marked *