
കൊല്ലം: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും കെ.ബി.ഗണേശ്കുമാര്‍ എം.എല്‍.എയുടെ പിതാവുമായ ആര്.ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ഞായറാഴ്ച വൈകിട്ടോടെ വഷളാവുകയായിരുന്നു.
മൃതദേഹം കൊട്ടാരക്കരയിലെ വീട്ടിലും എന്‍.എസ്.എസ് താലൂക്ക് യൂണിയന് ഓഫിസിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് അഞ്ചിന് വാളകത്തെ വീട്ടുവളപ്പില്‍ നടക്കും.കേരള കോണ്‍ഗ്രസ്(ബി)ചെയര്മാന്, മുന്നാക്ക സമുദായ ക്ഷേമ കോര്പറേഷന് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. കെ.ബി.ഗണേശ്കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്നു ആര്.ബാലകൃഷ്ണപിള്ള.
വാളകം കീഴൂട്ട് രാമന്‍പിള്ളയുടെയും കാര്‍ത്യായനിയമ്മയുടെയും മകനായി 1934 ഏപ്രില്‍ ഏഴിന് കൊട്ടാരക്കരയിലെ വാളകത്താണ് ബാലകൃഷ്ണപിളള ജനിച്ചത്. 1960-ല്‍ പത്തനാപുരത്തുനിന്ന് ആദ്യമായി നിയമസഭയില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന് 25 വയസായിരുന്നു. 1965-ല്‍ അദ്ദേഹം കൊട്ടാരക്കരയില്‍നിന്ന് മത്സരിച്ച് വിജയിച്ചു. എന്നാല്‍ 1967-ലും 1970-ലും പരാജയം നേരിട്ടു. 1977 മുതല്‍ 2001 വരെ തുടര്‍ച്ചയായി ഏഴു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കൊട്ടാരക്കരയില്‍നിന്ന് ജയിച്ചു. 2006 ല്‍ ഐഷാ പോറ്റിയോടു പരാജയപ്പെട്ടു.
തിരുവിതാംകൂര്‍ സ്റ്റുഡന്റ്സ് യൂണിയനില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെയാണ് ആര്.ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് കെപിസിസി ഐഎസിസി എക്സിക്യൂട്ടീവ് കമ്മിറ്റികളില്‍ അംഗമായി. 1964-ല്‍ കോണ്‍ഗ്രസ് വിട്ട് കെ.എം.ജോര്‍ജിനൊപ്പം കേരള കോണ്‍ഗ്രസിന് രൂപം നല്കി. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹം. പിന്നീട് കേരള കോണ്‍ഗ്രസ് പിളരുകയും 1977-ല്‍ ബാലകൃഷ്ണപിള്ള കേരള കോണ്‍ഗ്രസ്(ബി) രൂപീകരിക്കുകയും ചെയ്തു.
1975-ല്‍ ആദ്യമായി മന്ത്രി സ്ഥാനത്തെത്തി. അച്യുതമേനോന് മന്ത്രിസഭയിയില്‍ ഗതാഗത-എക്സൈസ് വകുപ്പായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. പിന്നീട് ഇ.കെ.നായനാര്‍, കെ.കരുണാകരന്, എ.കെ.ആന്റണി മന്ത്രിസഭകളിലായി അഞ്ചുവട്ടം കൂടി മന്ത്രിയായി. കൂറുമാറ്റ നിരോധന നിയമത്തിന്റെ പേരില്‍ കേരളത്തില്‍ അയോഗ്യനാക്കപ്പെട്ട ഏക എം.എല്‍.എയും അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോയ കേരളത്തിലെ ആദ്യത്തെ മന്ത്രിയും ബാലകൃഷ്ണപിള്ളയാണ്.
1980ല്‍ ഇടതുമുന്നണിയുടെ ഭാഗമായി ജനവിധി തേടിയ അദ്ദേഹത്തിന് കിട്ടിയ 37,000 വോട്ടിന്റെ ഭൂരിപക്ഷം നിയമസഭയിലെ ചരിത്രം കുറിച്ച റെക്കോര്‍ഡായി കുറെക്കാലം നിലനിന്നു. നായനാരുടെ ആദ്യമന്ത്രിസഭയില്‍ പിള്ളയുമുണ്ടായിരുന്നു. 1982 ലാണ് വീണ്ടും യുഡിഎഫിലെത്തിയത്. ‘പ്രിസണര്‍ 5990’ എന്ന പേരില്‍ ആത്മകഥ പുറത്തിറക്കിയിട്ടുണ്ട്.
പരേതയായ ആര്.വത്സലയാണ് ഭാര്യ. ഉഷ മോഹന്‍ദാസ്, കെ.ബി.ഗണേഷ്കുമാര് എംഎല്‍എ, ബിന്ദു ബാലകൃഷ്ണന് എന്നിവര്‍ മക്കള്‍. മരുമക്കള്‍: കെ.മോഹന്‍ദാസ് (മുന്‍ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി), ബിന്ദു ഗണേഷ് (ദുബായ്), ടി.ബാലകൃഷ്ണന് (മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി).