
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലംവന്നതോടുകൂടി ആകെയുണ്ടായിരുന്ന ഒരു സീറ്റുകൂടി നഷ്ടപ്പെട്ട ബി.ജെ.പിക്ക് വോട്ട് വിഹിതത്തിലെ ഇടിവ് ഇരട്ട പ്രഹരമായിരിക്കുകയാണ്. സീറ്റ് ലഭിച്ചില്ലെങ്കിലും വോട്ട് വിഹിതം കൂടിയിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായി എന്ന അവകാശവാദമെങ്കിലും ബി.ജെ.പി നേതൃത്വത്തിന് ഉയര്‍ത്താമായിരുന്നു. എന്നാല്‍, അക്കാര്യത്തിലും ബി.ജെ.പിയുടെ നില അത്ര ആശ്വാസകരമല്ല.
അതേസമയം, ഒന്‍പത് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തുവന്നത് ബി.ജെ.പിക്ക് അല്‍പം ഊര്‍ജ്ജം നല്‍കുന്നുണ്ട്. നേമത്തിന് പുറമേ വളരെയേറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന പാലക്കാട്, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ പരാജയം നേരിട്ടെങ്കിലും ഈ മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ ഒന്‍പതിടങ്ങളില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. ഇതില്‍ മഞ്ചേശ്വരത്താണ് ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ട് വിഹിതം ലഭിച്ചത്.
നേമം (35.54%), പാലക്കാട് (35.34%), മഞ്ചേശ്വരം (37.7%), ആറ്റിങ്ങല്‍ (25.92%), ചാത്തന്നൂര്‍ (30.61%), കഴക്കൂട്ടം (29.06%), വട്ടിയൂര്‍ക്കാവ് (28.77%), മലമ്പുഴ (30.68%), കാസര്‍കോട് (34.88%) എന്നീ മണ്ഡലങ്ങളിലാണ് ബി.ജെ.പി. രണ്ടാമതെത്തിയത്. ഇക്കുറി 12.4 ശതമാനം വോട്ട് മാത്രമാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയ്ക്ക് ലഭിച്ചതെന്നാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്. വ്യക്തമായ കണക്കുകള്‍ പുറത്തുറത്തുവരുമ്പോള്‍ വളരെ ചെറിയ വ്യത്യാസം ഉണ്ടാകാമെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ടുകള്‍ ചോര്‍ന്നു എന്നുതന്നെ പറയേണ്ടിവരും.
2016 നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ 2.6 ശതമാനത്തിന്റെ കുറവാണ് ബി.ജെ.പിയുടെ വോട്ട് വിഹിതത്തില്‍ ഉണ്ടായിട്ടുള്ളത്. 2016-ല്‍ 15 ശതമാനമായിരുന്നു എന്‍.ഡി.എയുടെ വോട്ട് വിഹിതം. ഇത്തവണ ലഭിച്ചതാകട്ടെ 12.4 ശതമാനം മാത്രവും. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 15.64 ശതമാനം വോട്ട് എന്‍.ഡി.എയ്ക്ക് ലഭിച്ചു. 2020-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രന്‍മാരുടേത് അടക്കം വോട്ട് വിഹിതം 16.5 ശതമാനത്തിന് മുകളിലെത്തിയിരുന്നു. ഈ കണക്കുവച്ച് നോക്കിയാല്‍ ഇത്തവണത്തെ വോട്ട് വിഹിതം നാല് ശതമാനമാണ് കുറഞ്ഞിരിക്കുന്നത്.