Breaking News

പശ്ചിമേഷ്യ യുദ്ധത്തിന്റെ വക്കില്‍: റോക്കറ്റ് വര്‍ഷിച്ച് ഹമാസ്; യുദ്ധസജ്ജമെന്ന് ഇസ്രായേല്‍

ശനിയാഴ്ച പുലര്‍ച്ചെ ഹമാസ് ഗാസയില്‍നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയപ്പോള്‍

ടെല്‍ അവീവ്: പശ്ചിമേഷ്യ യുദ്ധത്തിന്റെ വക്കില്‍. പലസ്തീന്‍ സായുധസംഘമായ ഹമാസ് അതിര്‍ത്തി ലംഘിച്ച് ഇസ്രായേലിനുള്ളില്‍ കടന്ന് ആക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്. ഇസ്രായേലിലേക്ക് 20 മിനിട്ടിനുള്ളില്‍ 5000 റോക്കറ്റ് തൊടുത്തുവിട്ടതായി ഹമാസ് തന്നെ അവകാശപ്പെടുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് ഹമാസ് ഇസ്രായേലിന് നേരെ കടുത്ത റോക്കറ്റ് ആക്രമണം തുടങ്ങിയത്. അതിര്‍ത്തി കടന്നെത്തിയ ഹമാസ് സായുധ സംഘം നടത്തിയ വെടിവെപ്പിലും ഗ്രനേഡ് ആക്രമണത്തിലും ഒരാള്‍ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ജെറുസലേം, ടെല്‍ അവീവ് എന്നീ നഗരങ്ങളില്‍ ഉള്‍പ്പെടെയാണ് ഹമാസ് ആക്രമണം നടത്തിയത്. ഇസ്രായേലിനെതിരെ സൈനിക നീക്കം ആരംഭിച്ചതായി ഹമാസ് സൈനിക നേതാവ് മുഹമ്മദ് ഡീഫ് പരസ്യ പ്രഖ്യാപനം നടത്തി. ഓപ്പറേഷന്‍ അല്‍ അക്‌സ സ്റ്റോം എന്ന പേരിലാണ് ഹമാസിന്റെ സൈനിക നീക്കം. ഇസ്രായേല്‍ അറബ് രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിച്ചുവരവെയാണ് ഹമാസിന്റെ ഭാഗത്തുനിന്ന് രൂക്ഷമായ ആക്രമണം ഉണ്ടായിരിക്കുന്നത്. ഓരോ പാലസ്തീനിയും ഇസ്രായേലിനെ നേരിടാന്‍ തയാറാവണമെന്ന് മുഹമ്മദ് ഡീഫ് ആഹ്വാനം ചെയ്തു. ഇസ്രായേല്‍ സൈനികരെ തടവിലാക്കിയെന്നും ഹമാസ് അവകാശപ്പെടുന്നു.

അതേസമയം, യുദ്ധത്തിന് തയാറെന്നാണ് ഇസ്രായേല്‍ ഹമാസിന്റെ ആക്രമണത്തോട് പ്രതികരിക്കുന്നത്. ഗാസയില്‍നിന്ന് ആക്രമണം നേരിട്ടതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു. ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേല്‍ അടിയന്തിര ഉന്നത തല യോഗം ചേര്‍ന്നു. ആക്രമണത്തിന് ഹമാസ് ഭീകരസംഘം വലിയ വില നല്‍കേണ്ടി വരുമെന്ന് ഇസ്രയേല്‍ പ്രതിരോധ വക്താവ് പറഞ്ഞു. ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്നും ഇസ്രായേല്‍ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏറെ മാസങ്ങളായി താരതമ്യേന ശാന്തമായിരുന്ന മേഖല പൊടുന്നനെ യുദ്ധ സാഹചര്യത്തിലേക്ക് എത്തിയത് ആഗോളതലത്തില്‍ തന്നെ ആശങ്കയായിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *