

ദില്ലി: പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ ടപടികള്‍ ശക്തമാക്കുമ്പോള്‍ ഇന്ത്യാ മുന്നണിയുടെ സംയുക്ത പ്രസ്താവന ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി(എ.എ.പി). മുന്‍ മന്ത്രിമാര്‍ക്ക് പിന്നാലെ എം.പിയായ സഞ്ജയ് സിംഗിനെ ഇ.ഡി അറസ്റ്റ് ചെയ്തതോടെയാണ് എ.എ.പി നിലപാട് വ്യക്തമാക്കിയത്. അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സംയുക്ത പ്രസ്താവന വേണമെന്നാണ് എ.എ.പി നിലപാട്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നായിരുന്നു ഇന്ത്യ മുന്നണിയിലെ ധാരണ. എന്നാല്‍ കോണ്‍ഗ്രസ് നിലപാട് വൈകിയത് മൂലം ഇതുവരെ പൊതുപ്രസ്താവന ഇറങ്ങിയിട്ടില്ല. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ നടത്തിയ പ്രതികരണത്തില്‍ ആംആദ്മി പാര്‍ട്ടി തൃപ്തരല്ലെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, സഞ്ജയ് സിംഗിനെ ഈ മാസം 10 വരെ കോടതി ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹിയിലെ വിവാദ മദ്യ അഴിമതിയുടെ ഭാഗമായി ഒരു വ്യാപാരിയില്‍ നിന്ന് സഞ്ജയ് സിംഗ് 2 കോടി രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന ഇ.ഡിയുടെ വാദത്തെ തുടര്‍ന്നാണ് കോടതി അദ്ദേഹത്തെ കസ്റ്റഡിയില്‍ വിട്ടത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായ കേസുകളില്‍ കടുത്ത നടപടിയെടുക്കാന്‍ കേന്ദ്രം രാഷ്ട്രീയ തീരുമാനമെടുത്തതായി സൂചനയുണ്ട്. സഞ്ജയ് സിംഗിന്റെ കൂട്ടാളികള്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.

കേസിലെ കൂട്ടുപ്രതി ദിനേഷ് അറോറ കൂട്ടാളികള്‍ വഴി രണ്ട് കോടി രൂപ സിംഗിന് നല്‍കിയെന്നാണ് ഇഡി കണ്ടെത്തല്‍. വരും ദിവസങ്ങളില്‍ പശ്ചിമ ബംഗാളിലടക്കം കൂടുതല്‍ സംസ്ഥാനങ്ങളില്‍ റെയ്ഡുകള്‍ ഉണ്ടാകുമെന്ന സൂചനയാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്നത്. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, പശ്ചിമ ബംഗാളിലെ അഭിഷേക് ബാനര്‍ജി എംപി എന്നിവര്‍ക്കെതിരായ കേസുകളില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഇ.ഡി തീരുമാനിച്ചിരിക്കുകയാണ്.