

കല്‍പ്പറ്റ: കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം 283 ആയി. രക്ഷാദൗത്യം തുടരുന്നതിനിടെ ഇടവിട്ട് പെയ്യുന്ന ശക്തമായ ദൗത്യത്തെ ദുഷ്‌ക്കരമാക്കുന്നു. സൈന്യത്തിന്റെ നേതൃത്വത്തിലുള്ള ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കുടൂതല്‍ സംവിധാനങ്ങള്‍ എത്തിച്ച് രക്ഷാദൗത്യം കൂടുതല്‍ ഊര്‍ജ്ജിതമാക്കാനാവുമെന്നാണ് പ്രതീക്ഷ. ദുരന്തം നടന്നതിന്റെ മൂന്നാം ദിവസമായ ഇന്നും തെരച്ചില്‍ ഊര്‍ജ്ജിതമായിത്തന്നെ തുടരുകയാണ്. ജില്ലയില്‍ അതിതീവ്ര മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യയുണ്ടെന്ന ജാഗ്രതാ നിര്‍ദ്ദേശവുമുണ്ട്.



അതേസമയം, ഉച്ചയ്ക്കുശേഷം രണ്ടരയോടെ ദുരന്ത പ്രദേശത്ത് മഴ ശക്തമായി. ഉരുള്‍പൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം മേഖലയിലാണ് അതിശക്തമായ മഴ പെയ്യുന്നത്. ഇവിടങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും സുരക്ഷിതമായ ഇടങ്ങളിലേക്ക് തിരിച്ചിറക്കി. മുണ്ടക്കൈയിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് തല്‍ക്കാലത്തേക്ക് മാറാനാണ് നിര്‍ദേശം. മുണ്ടക്കൈയിലും ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി തുടരുകയാണ്. ചൂരല്‍മലയിലും കനത്ത മഴ പെയ്യുന്നുണ്ട്. മഴ പെയ്യുന്നത് വീണ്ടും മലവെള്ളപ്പാച്ചിലുണ്ടാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അപകടമേഖലയില്‍നിന്ന് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറാനാണ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


