Breaking News

മുഖ്യമന്ത്രി ദുരന്തഭൂമിയില്‍: 4 മന്ത്രിമാര്‍ക്ക് രക്ഷാപ്രവര്‍ത്തന ചുമതല

കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച സ്ഥലം സന്ദര്‍ശിച്ചു. ബെയ്‌ലി പാലത്തിന്റെ പൂര്‍ത്തീകരണത്തോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടില്‍ സര്‍വ്വകക്ഷി യോഗത്തിനും മന്ത്രിസഭായോഗത്തിനും ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാന പരിഗണന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണെങ്കിലും ദുരന്തത്തില്‍പെട്ട് വീടുള്‍പ്പെടെ സകലതും നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഫലപ്രദമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തല്‍ക്കാലം ആളുകളെ മാറ്റിപ്പാര്‍പ്പിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ തുടരും. വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ളവരുടെ സ്വകാര്യത സംരക്ഷിക്കുന്ന വിധത്തില്‍ ക്യാപുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ക്യാപിനകത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ദുരിതത്തില്‍പെട്ടവര്‍ക്ക് നേരിട്ട് സഹായമെത്തിക്കാന്‍ ആരും ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുടക്കമുണ്ടാകാത്ത തരത്തിലുള്ള സംവിധാനമൊരുക്കും. ദുരന്തത്തില്‍പെട്ട കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കും. കൂടുതല്‍പേരെ രക്ഷാദൗത്യത്തിന്റെ ഭാഗമാക്കും-അദ്ദേഹം വിശദീകരിച്ചു. ദുരന്തഭൂമിയില്‍ പകര്‍ച്ചാവ്യാധി തടയാന്‍ എല്ലാവരും സഹകരിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുകള്‍ അംഗീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. റവന്യൂ-വനം-ടൂറിസം-എസ്സി എസ്ടി മന്ത്രിമാര്‍ അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി ഇവിടെ ക്യാംപ് ചെയ്ത് പ്രവര്‍ത്തിക്കും. ശ്രീറാം സാംബശിവ റാവു പ്രത്യേക ഉദ്യോഗസ്ഥനായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *