Breaking News

നഗരസഭക്ക് നാണക്കേടായി വര്‍ക്കല നഗരമധ്യത്തില്‍ വെള്ളക്കെട്ട്

വര്‍ക്കല: നഗരസഭക്ക് നാണക്കേടായി വര്‍ക്കല നഗരമധ്യത്തില്‍ വെള്ളക്കെട്ട്. നഗരസഭയുടെ ഹൃദയഭാഗമെന്ന് വിശേഷിപ്പിക്കാവുന്ന വര്‍ക്കല മൈതാനം ജംഗ്ഷനിലാണ് യാത്രക്കാരെയും കച്ചവടക്കാരെയും ഏറെ ബുദ്ധിമുട്ടിലാക്കുന്ന വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. സമ്പൂര്‍ണ്ണ ശുചിത്വം നടപ്പിലാക്കിയ കേരളത്തിലെ മികച്ച നഗരസഭയെന്ന ഖ്യാതി നേടിയ നഗരസഭയാണ് ഇന്ന് ഈ വെള്ളക്കെട്ടുകാരണം നാണംകെട്ട് നില്‍ക്കുന്നത്. സമ്പൂര്‍ണ്ണ നഗര സൗന്ദര്യവല്‍ക്കരണം എന്ന നഗരസഭയുടെ അവകാശവാദത്തിനും വിലങ്ങുതടിയാണ് ആ വെള്ളക്കെട്ട്.

മഴക്കാലമായാല്‍ ഈ വെള്ളക്കെട്ട് കാരണം ജനങ്ങള്‍ക്ക് വാഹനത്തിലോ നടന്നോ പോലും യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ഈ ഭാഗത്തുള്ള ബസ്റ്റ് സ്റ്റോപ്പില്‍ എത്തുന്നത്. എന്നാല്‍, ഈ വെള്ളക്കെട്ട് കാരണം ഇവര്‍ക്ക് ബസില്‍ കയറാന്‍പോലും കഴിയാത്ത അവസ്ഥയാണ്. ഈ ബസ് സ്‌റ്റോപ്പിന്റെ എതിര്‍ഭാഗത്തും മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നു. വര്‍ക്കല നഗരസഭയുടെ കൊതുക് വളര്‍ത്തല്‍ കേന്ദ്രങ്ങളാണ് ഈ വെള്ളക്കെട്ടുകളെന്നാണ് നാട്ടുകാര്‍ പരിഹാസരൂപേണ പറയുന്നത്.

ബസില്‍ നിന്ന് യാത്രക്കാര്‍ നേരെ ചെളിവെള്ളത്തിലേക്കാണ് ഇറങ്ങേണ്ടത്. ബസില്‍ കയറാനും ഇതേ ബുദ്ധിമുട്ട് സഹിക്കണം. റോഡിന്റെ ചരിവ് ഓടയുള്ള ഭാഗത്തേയ്ക്ക് കൃത്യമായി ക്രമീകരിച്ച് വെള്ളം ഒഴുകുന്ന രീതിയില്‍ പുനര്‍നിര്‍മ്മാണം ആവശ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. മാസങ്ങള്‍ക്ക് മുന്‍പ് കിഫ്ബി ഫണ്ട് വിനിയോഗിച്ച് റോഡ് നവീകരണം നടത്തിയിട്ടും വെള്ളക്കെട്ട് പരിഹരിക്കാനാവത്തത് അധികൃതരുടെ അനാസ്ഥയാണെന്ന് വ്യാപാരികളും ആരോപിക്കുന്നു.
റോഡിന്റെ ഇരുവശത്തും വെള്ളക്കെട്ട് ആയതിനാല്‍ മദ്ധ്യഭാഗത്തു കൂടിയാണ് കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കേണ്ടി വരുന്നത്.

അതിനാല്‍ത്തന്നെ റോഡില്‍ ഗതാഗത കുരുക്ക് സംജാതമാകുന്നതിനും വെള്ളക്കെട്ട് പലപ്പോഴും കാരണമാകുന്നുണ്ട്. വെള്ളക്കെട്ടില്‍ വാഴ നട്ടുവരെ നാട്ടുകാര്‍ നഗരസഭയുടെ അനാസ്ഥയ്‌ക്കെതിരെ പ്രതികരിച്ചുവെങ്കിലും അധികൃതര്‍ക്ക് അതൊന്നും ഏശിയ മട്ടില്ല. പരിഹരിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്കുന്നതല്ലാതെ പ്രശ്‌നത്തിന് ശാശ്വതപരിഹാരം നാളിതുവരെ ഉണ്ടായിട്ടില്ല. നടപ്പാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും അപാകതയുമാണ് മൈതാനത്തെ വെള്ളക്കെട്ടിന് കാരണമായത്.

വെള്ളക്കെട്ടിന് സമീപത്തെ സ്ഥാപന ഉടമകള്‍ പ്രശ്‌നം ചൂണ്ടിക്കാട്ടി പലവട്ടം അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. റോഡിന്റെ താഴ്ന്ന ഭാഗം കൗണ്‍സിലറുടെ അനുമതിയോടെ മണ്ണിട്ട് പൊക്കി താല്‍ക്കാലിക പരിഹാരം കണ്ടെങ്കിലും റീ ടാറിംഗ് ജോലികള്‍ നടന്നപ്പോള്‍ ഈ മണ്ണ് അധികൃതര്‍ നീക്കം ചെയ്തു. സ്ഥാപനത്തിലേക്ക് കയറുന്നതിനായി മണല്‍ച്ചാക്കുകളും കല്ലുകളും ഉപയോഗിച്ച് വഴി കണ്ടെത്തേണ്ട ഗതികേടിലാണ് ഈ ഭാഗത്തുള്ള കട ഉടമകള്‍ എന്നതാണ് യാഥാര്‍ത്ഥ്യം.

Related posts

Leave a Reply

Your email address will not be published. Required fields are marked *