
ചെന്നൈ: കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് വ്യക്തമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ മെയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണല്‍ തടയേണ്ടി വരുമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന നിരീക്ഷണത്തോടെയാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സജിബ് ബാനര്‍ജി തെരഞ്ഞെടുപ്പ് കമ്മീഷനെ നിശിതമായി വിമര്‍ശിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മദ്രാസ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് റാലികള്‍ തടയാന്‍ കഴിയാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷനാണ് രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ ഉത്തരവാദിയെന്നും കോടതി നിരീക്ഷിച്ചു.
പരമപ്രധാനമായ പൊതുജനാരോഗ്യ സംരക്ഷണത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നത് സങ്കടകരമാണെന്ന് പറഞ്ഞ കോടതി ഒരു പൗരന്‍ അതിജീവിക്കുമ്പോള്‍ മാത്രമേ ജനാധിപത്യ റിപ്പബ്ലിക്ക് ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ ആസ്വദിക്കാന്‍ കഴിയൂ. ഇപ്പോള്‍ സ്ഥിതി നിലനില്‍പ്പും സംരക്ഷണവുമാണ്. ബാക്കി എല്ലാം അതുകഴിഞ്ഞേ വരൂ എന്നും ചൂണ്ടിക്കാട്ടി. വോട്ടെണ്ണല്‍ ദിനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ആരോഗ്യ സെക്രട്ടറിയുമായി കൂടിയാലോചിച്ച് ഈ മാസം 30ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനും തമിഴ്നാട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് കോടതി ആവശ്യപ്പെട്ടു.