
തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്നും വാരാന്ത്യ സെമി ലോക്ഡൗണ്‍ തുടരാനും ഇന്ന് നടന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കടകളുടെ പ്രവര്‍ത്തന സമയം 7 വരെയാക്കി. മോയ് 2ന് തെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തില്‍ ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരും അംഗീകരിച്ചു.
ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ തുടരുകയും കുറച്ചുദിവസം നിരീക്ഷിച്ച ശേഷം രോഗവ്യാപനം വീണ്ടും ഉയരുകയാണെങ്കില്‍ അപ്പോള്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോകാമെന്നാണ് സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായത്. ലോക്ഡൗണിലേക്ക് പോകുകയാണെങ്കില്‍ അത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും ജനങ്ങളെയും മോശമായി ബാധിക്കുമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് പരിഗണിച്ചാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന നിലപാടിലേക്ക് സര്‍വകക്ഷിയോഗം എത്തിയത്.