Breaking News

സുജിതയുടെ കൊലപാതകത്തിനു പിന്നില്‍ സാമ്പത്തിക കാരണങ്ങളെന്ന് വിഷ്ണുവിന്റെ മൊഴി

തുവ്വൂര്‍: സുജിതയുടെ കൊലപാതകത്തിനു പിന്നില്‍ സാമ്പത്തിക കാരണങ്ങളെന്ന് പോലീസ് കസ്റ്റഡിയിലുള്ള വിഷ്ണുവിന്റെ മൊഴി. സുജിതയുടെ ആഭരണം കൈക്കലാക്കുക എന്നതും കൊലപാതകത്തിന്റെ ഉദ്ദേശമായിരുന്നെന്നും സൂചനയുണ്ട്. പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനായ വിഷ്ണുവും കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവന്‍ താല്‍ക്കാലിക ജീവനക്കാരിയുമായ സുജിതയും സുഹൃത്തുക്കളായിരുന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയാണ് വിഷ്ണു.

സുജിതയെ കാണാനില്ലെന്ന വാര്‍ത്ത പരന്നതോടെ പൊതുപ്രവര്‍ത്തകന്‍ കൂടിയായ വിഷ്ണു തിരച്ചിലില്‍ സജീവമായി സഹകരിച്ചിരുന്നു. ‘എല്ലാവരും പരമാവധി ഷെയര്‍ ചെയ്യുക’ എന്ന കുറിപ്പു സഹിതം കരുവാരകുണ്ട് പൊലീസിന്റെ പേരിലുള്ള ഫെയ്‌സ്ബുക് പേജില്‍ ‘കാണ്‍മാനില്ല’ എന്ന പേരിലുള്ള അറിയിപ്പ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വിഷ്ണു സുജിതയെ കാണാതായ സംഭവത്തില്‍ ഇടപെടല്‍ ശക്തമാക്കുന്നതിനായി നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

ഫോണ്‍ കോളുകള്‍ പരിശോധിച്ചതോടെയാണ് പേലീസിന്റെ സംശയം വിഷ്ണുവിന്റെ നേരെ തിരിഞ്ഞത്. സുജിതയെ കാണാതാകുന്നതിനു തൊട്ടുമുന്‍പ് ഏറ്റവും ഒടുവില്‍ അവരുടെ ഫോണിലേക്ക് എത്തിയ കോള്‍ വിഷ്ണുവിന്റേതായിരുന്നു. ഈ ഫോണ്‍കോളിനു ശേഷം സുജിതയുടെ ഫോണ്‍ സ്വിച്ച് ഓഫായി. പിന്നീട് വിഷ്ണുവിന്റെ ഫോണില്‍നിന്നും കുറേ നേരത്തേക്ക് മറ്റു കോളുകളൊന്നും പോയിരുന്നില്ല. ഇത്തരം സൂചനകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു കസ്റ്റഡിയിലായത്.

സുജിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിഷ്ണുവിനൊപ്പം കുടുംബാംഗങ്ങളും കസ്റ്റഡിയിലാണ്. വിഷ്ണുവിന്റെ പിതാവ് മുത്തു എന്ന കുഞ്ഞുണ്ണി, സഹോദരന്‍മാരായ വൈശാഖ്, വിവേക് (ജിത്തു), ഇവരുടെ സുഹൃത്ത് ഷിഹാന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സുജിതയെ കാണാതായ 11നു തന്നെയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. വിഷ്ണുവിന്റെ അമ്മ നേരത്തെ മരിച്ചതാണെന്നു നാട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ ഒപ്പമുള്ളത് രണ്ടാനമ്മയാണ്. വിഷ്ണുവിന്റെ ഭാര്യ പ്രസവത്തിനായി സ്വന്തം വീട്ടില്‍ പോയിരിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *