Breaking News

സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ എ.സി.മൊയ്തീന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്

തൃശൂര്‍: സി.പി.എം നേതാവും മുന്‍ മന്ത്രിയും നിലവില്‍ എം.എല്‍.എയുമായ എ.സി.മൊയ്തീന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്നാണ് സൂചന. വടക്കാഞ്ചേരി തെക്കുംകരയിലുള്ള വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ ഏഴ് മണിക്കാണ് കൊച്ചിയില്‍ നിന്നുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ 12 അംഗ സംഘം എ.സി.മൊയ്തീന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്.

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 300 കോടി രൂപയുടെ വെട്ടിപ്പു നടന്നെന്നാണ് കേസ്. കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസില്‍ ഇ.ഡി അന്വേഷണം നടക്കുകയാണ്. മൊയ്തീന്റെ ബന്ധുക്കളില്‍ ചിലര്‍ക്ക് കരുവന്നരൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എ.സി.മൊയ്തീന്റെ വീട്ടിലെ പരിശോധനയ്ക്ക് ഒപ്പം തന്നെ കോലഴിയില്‍ പണമിടപാടു സ്ഥാപനം നടത്തുന്ന സതീഷ് എന്നയാളുടെ വീട്ടിലും പരിശോധന നടക്കുന്നതായാണ് വിവരം.

നേരത്തെ, കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പില്‍ സി.പി.എം മുന്‍ ഏരിയ സെക്രട്ടറിയും മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സി.കെ.ചന്ദ്രന്റെയും എ.സി.മൊയ്തീന്‍ എം.എല്‍.എയുടെയും പങ്ക് അന്വേഷിക്കണമെന്ന് ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി ടി.ആര്‍.സുനില്‍കുമാറിന്റെ അച്ഛന്‍ രാമകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. പരമ്പരാഗത സി.പി.എം കുടുംബത്തിലെ അംഗമായ സുനില്‍കുമാര്‍ കരുവന്നൂര്‍ ബാങ്ക് സെക്രട്ടറിയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *