Breaking News

വീണ ഐ.ജി.എസ്.ടി അടച്ചെന്ന് തെളിയിച്ചാല്‍ മാപ്പ് പറയും, മറിച്ചായാല്‍ എ.കെ.ബാലന്‍ എന്തുചെയ്യുമെന്ന് കുഴല്‍നാടന്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ കരിമണല്‍ കമ്പനിയില്‍ നിന്നു വാങ്ങിയ പണത്തിന്റെ ഐ.ജി.എസ്.ടി അടച്ചെന്ന് തെളിയിച്ചാല്‍ മാപ്പ് പറയുമെന്നും മറിച്ചായാല്‍ എ.കെ.ബാലന്‍ എന്തുചെയ്യുമെന്നും മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. വീണ കരിമണല്‍ കമ്പനിയില്‍ നിന്നു കൈപ്പറ്റിയ 1.72 കോടി രൂപയുടെ ഐ.ജി.എസ്.ടി അടിച്ചിട്ടില്ലെന്ന ആരോപണത്തിലുറച്ച് നില്‍ക്കുകയാണ് മാത്യു കുഴല്‍നാടന്‍.

ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോയെന്ന എ.കെ.ബാലന്റെ വെല്ലുവിളി അദ്ദേഹം തള്ളി. എ.കെ.ബാലന്‍ മുതിര്‍ന്ന നേതാവാണ്. ഞാന്‍ തുടക്കക്കാരനാണ്. പൊതുപ്രവര്‍ത്തനം അവസാനിക്കാന്‍ പറയുന്നത് കടന്ന കൈയാണ്. വീണ ഐ.ജി.എസ്.ടി അടച്ചിട്ടില്ല എന്നാണ് ഉത്തമ ബോധ്യമെന്നും അടച്ചെന്ന് തെളിഞ്ഞാല്‍ മാപ്പ് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടപാട് സുതാര്യമാണെന്ന് പറയുന്ന സി.പി.എം സെക്രട്ടറിയേറ്റ് വീണ ഐ.ജി.എസ്.ടി അടച്ചിട്ടുണ്ടെങ്കില്‍ ആ ഡേറ്റില്‍ ഉള്ള ഇന്‍വോയ്‌സ് പുറത്തു വിടണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. കര്‍ത്തയുടെ കമ്പനിയില്‍ നിന്ന് വാങ്ങിയ പണത്തിന് ഐ.ജി.എസ്.ടി അടച്ചതിന്റെ രേഖകള്‍ പുറത്ത് വിടണം. മറിച്ചാണെങ്കില്‍ മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങി എന്ന് സിപിഎം സമ്മതിക്കുമോയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

അതേസമയം, ബാര്‍ കൗണ്‍സില്‍ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മാത്യു കുഴല്‍നാടനില്‍ നിന്നും ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടി. എന്റോള്‍ ചെയ്ത അഭിഭാഷകന്‍ ബിസിനസ് നടത്താന്‍ പാടില്ലെന്ന ചട്ടം കുഴല്‍നാടന്‍ ലംഘിച്ചു എന്നായിരുന്നു പരാതി. സി.പി.എം അഭിഭാഷക സംഘടനയാണ് പരാതി നല്‍കിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *