

വര്‍ക്കല: സങ്കടക്കടല്‍ കടന്ന് ശ്രീലക്ഷ്മി വിവാഹ ജീവിതത്തിലേക്ക്. ഇന്ന് രാവിലെ 9.30 നാണ് വര്‍ക്കല ശിവഗിരിയില്‍ വച്ച് വര്‍ക്കല ചെറുന്നിയൂര്‍ പുതുവല്‍വിള വീട്ടില്‍ വിനു ശ്രീലക്ഷ്മിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ശിവഗിരി ശാരദാമഠത്തില്‍ മഠം ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികളുടെയും വിശാലാനന്ദ സ്വാമികളുടെയും കാര്‍മ്മികത്വത്തില്‍ ആയിരുന്നു വിവാഹം.

വളരെ ലളിതമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാഹശേഷം ശിവഗിരി മഠത്തിലെ ഗുരുപൂജയില്‍ പങ്കെടുത്ത ശേഷം ഉച്ചയ്ക്ക് 12 മണിയോടെ ദമ്പതികള്‍ ചെറുന്നിയൂരിലുള്ള വിനുവിന്റെ വീട്ടിലേക്ക് തിരിച്ചു. രാവിലെ 8 മണിയോടെ അച്ഛന്റെ കുഴിമാടത്തിലെത്തി പ്രാര്‍ത്ഥിച്ച് അനുഗ്രഹവും വാങ്ങിയാണ് ശ്രീലക്ഷ്മി കുടുംബത്തോടൊപ്പം ശിവഗിരിയിലേക്ക് തിരിച്ചത്.

ജൂണ്‍ 28 നായിരുന്നു വിനുവും ശ്രീലക്ഷ്മിയും തമ്മിലുള്ള വിവാഹം ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആ വിവാഹം അന്ന് നടക്കാതെ പോയി. മുമ്പ് അയല്‍വാസിയായ ജിഷ്ണു എന്ന യുവാവിന്റെ വിവാഹാലോചന ശ്രീലക്ഷ്മിയുടെ കുടുംബം നിരസിച്ചിരുന്നു. അതിന്റെ വൈരാഗ്യത്തില്‍ നിശ്ചയിച്ച വിവാഹത്തിന്റെ തലേദിവസം രാത്രി ജിഷ്ണുവും സഹോദരന്‍ ജിജിനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ശ്രീലക്ഷ്മിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ശ്രീലക്ഷ്മിയുടെ പിതാവ് രാജുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

അങ്ങനെ വിവാഹത്തിന്റെ സന്തോഷം അലയടിച്ചുന്ന വീട് നിമിഷ നേരംകൊണ്ട് മരണവീടായി മാറുകയായിരുന്നു. ഈ കേസിലെ പ്രതികളായ ജിജിന്‍, ജിഷ്ണു, മനു, ശ്യാം എന്നിവര്‍ ഇപ്പോള്‍ ജയിലിലാണ്.
