Breaking News

വര്‍ക്കലയില്‍ ലൈഫ് മിഷന്‍ വീടിന്റെ അടിത്തറ ഇളകി; അധികൃതരുടെ ചതിയെന്ന് വീട്ടമ്മ

വര്‍ക്കലയില്‍ ലൈഫ് മിഷന്‍ വീടിന്റെ അടിത്തറ ഇളകി. നഗരസഭ അധികൃതരും കൗണ്‍സിലറും ചതിച്ചെന്ന് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. വര്‍ക്കല കണ്ണമ്പ ചാലുവിളയിലാണ് സംഭവം. തൊഴിലുറപ്പ് ജോലി ചെയ്ത് ജീവിക്കുന്ന കമറുന്നിസ എന്ന വീട്ടമ്മയാണ് ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുള്ള വീടിന് മുന്നില്‍ നിന്ന് ജീവഭയത്താല്‍ നിലവിളിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ കമറുന്നിസയുടെ വീടിന്റെ അടിത്തറതന്നെ ഇളകുകയായിരുന്നു. വീടിന്റെ അടുക്കളയും ശൗചാലയവുമൊക്കെ ഏത് നിമിഷവും 50 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് വീഴാമെന്ന അവസ്ഥയില്‍ നിസ്സഹായയായി വിലപിക്കുകയാണ് കമറുന്നിസ.

ഇക്കഴിഞ്ഞ മഴയത്ത് കിടപ്പുമുറിയുടെ അടിത്തറയും ഇളകിത്തുടങ്ങിയെന്നും ഇനിയൊരു മഴകൂടി താങ്ങാനുള്ള ശേഷി ഈ വീടിന് ഉണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പറയുമ്പോള്‍ ഈ പാവത്തിന്റെ കണ്ണില്‍ മരണം മുന്നില്‍ കാണുന്നവന്റെ ഭീതിയാണ് നിഴലിക്കുന്നത്. ഹൃദ്രോഗവും ജന്നിയുമുള്ള നിത്യരോഗിയായിട്ടും തൊഴിലുറപ്പ് പണിക്കുപോയി ജീവിക്കുകയാണ് കമറുന്നിസ. ഭര്‍ത്താവ് ഉപേക്ഷിച്ച തനിക്ക് 19 വയസ്സുള്ള മകന്‍ മാത്രമാണ് ഏക ആശ്രയമെന്ന് ഈ വീട്ടമ്മ പറയുന്നു. തനിക്ക് ഹൃദയാഘാതം വന്നതുതന്നെ വീടിന്റെ കഴിഞ്ഞ വര്‍ഷം പെയ്ത മഴയില്‍ വീടിന്റെ അടിത്തറയിളകിയത് കാരണമാണെന്ന് അവര്‍ ബീക്കണ്‍ ന്യൂസിനോട് പറഞ്ഞു.

2013 ൽ ഇ.എം.എസ് ഭവന പദ്ധതി പ്രകാരം സർക്കാരില്‍ നിന്നും അനുവദിച്ച് കിട്ടിയ പണം കൊണ്ടാണ് കമറുന്നിസ സ്ഥലം വാങ്ങിയതും, 2019 ൽ ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് വച്ചതും.

ഈ വീട് തകര്‍ന്നുവീണാല്‍ തനിക്കും മകനും തലചായ്ക്കാൻ ഇടമില്ലാതെയാകുമെന്നും ഇവര്‍ വേദനയോടെ പറയുന്നു.

ഓരോ മാസവും ചികിത്സയ്ക്ക് മാത്രമായി 5000 രൂപയോളം കണ്ടെത്തേണ്ട നിത്യരോഗിയായ ഈ സ്ത്രീ മരണഭീതിയിലാണ് ഓരോ ദിനവും തള്ളിനീക്കുന്നത്.

വീടിന്റെ അത്യന്തം അപകടരമായ അവസ്ഥ ചൂണ്ടിക്കാട്ടി വര്‍ക്കല നഗരസഭ അധികൃതര്‍ക്കും താലൂക്ക് ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടും യാതൊരുവിധ അന്വേഷണവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കമറുന്നിസ പറയുന്നു. ഇവര്‍ക്ക് ശിവഗിരി കനാല്‍ കരയില്‍ കുറച്ച് സ്ഥലമുണ്ട്. ജലപാതാ വികസനത്തിനായി ഈ പ്രദേശത്തെ ആളുകളില്‍നിന്ന് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനായി പതിനൊന്ന് ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഓരോ കുടുംബത്തിനും നല്‍കുന്നത്. തനിക്ക് ഇവിടെയുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് നിലവില്‍ താമസിക്കുന്ന വീട് വയ്ക്കാന്‍ തന്ന പണം കഴിച്ച ശേഷം ബാക്കി തുകയെങ്കിലും തന്നാല്‍ വീട് നന്നാക്കി ജീവഭയമില്ലാതെ താമസിക്കാമെന്ന് കമറുന്നിസ പറയുന്നു.

എന്നാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സ്ഥലം എം.എല്‍.എ അഡ്വ.വി.ജോയിക്ക് നല്‍കിയ പരാതി വാങ്ങാന്‍ പോലും എം.എല്‍.എയുടെ ഓഫീസ് തയാറായില്ലെന്ന് കമറുന്നിസ പറയുന്നു. ഇതേ ആവശ്യവുമായി വര്‍ക്കല നഗരസഭ അധികൃതരെയും സമീപിച്ചെങ്കിലും അവരും പരാതി വാങ്ങാന്‍ തയാറായില്ലെന്ന് കമറുന്നിസ പറയുന്നു. തനിക്ക് അനുവദിച്ച സ്ഥലം വീട് വയ്ക്കാന്‍ അനുയോജ്യമായ സ്ഥലമല്ലെന്ന് നഗരസഭ അധികൃതരെ അറിയിച്ചിരുന്നതാണ്. എന്നാല്‍ അവിടെ വീട് വച്ചാല്‍ ഒരു കുഴപ്പവുമുണ്ടാകില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തന്നെ നഗരസഭ അധികൃതരും അന്നത്തെ കൗണ്‍സിലറും കൂടി ചതിക്കുകയായിരുന്നെന്നും കമറുന്നിസ പറയുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *