

തിരുവനന്തപുരം: ലോകത്തിന് മുന്നില്‍ ഓരോ ഭാരതീയന്റെയും അഭിമാനം വാനോളമുര്‍ത്തിക്കൊണ്ട് തിങ്കള്‍ക്കലയില്‍ രാജ്യമുദ്ര പതിഞ്ഞു. ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡറില്‍ നിന്ന് റോവര്‍ ചന്ദ്രനില്‍ ഇറങ്ങിയതോടെയാണ് ലോകം ഇന്ത്യയുടെ ചരിത്ര നേട്ടത്തിന് സാക്ഷ്യം വഹിച്ചത്. റോവറിന്റെ ചക്രങ്ങളില്‍ ആലേഖനം ചെയ്തിരുന്ന രാജ്യമുദ്രയായ അശോകസ്തംഭം ചന്ദ്രോപരിതലത്തില്‍ പതിഞ്ഞത്.

ഇന്നലെ വൈകീട്ട് 6.03നായിരുന്നു സോഫ്റ്റ് ലാന്‍ഡിങ്ങ്. സോഫ്റ്റ് ലാന്‍ഡിങ്ങിന്റെ ഓരോ ഘട്ടവും വിജയകരമായി പൂര്‍ത്തീകരിക്കുന്നത് ശ്വാസമടക്കിപ്പിടിച്ചാണ് രാജ്യം വീക്ഷിച്ചത്. ഒടുവില്‍ കൃത്യം 6.03 ന് സോഫ്റ്റ് ലാന്‍ഡിങ്ങ് സമ്പൂര്‍ണ്ണ വിജയമെന്ന പ്രഖ്യാപനം വന്നതോടെ ആകാംക്ഷ ആഹ്ലാദത്തിന് വഴിമാറി. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ജനം മധുരം പങ്കുവച്ച് ചരിത്രനേട്ടം ആഘോഷിച്ചു.

അപ്പോഴും ഇസ്രോയിലെ ശാസ്ത്രജ്ഞര്‍ക്ക് വിശ്രമവേളയിലായിരുന്നില്ല. സോഫ്റ്റ് ലാന്‍ഡിങ്ങിന്റെ വിജയം ആഘോഷിച്ച് അല്‍പ സമയത്തിനകം തന്നെ അവര്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നിരുന്നു. സോഫ്റ്റ് ലാന്‍ഡിങ്ങിന്റെ പരിണിതഫലമായി ഉയര്‍ന്നുപൊങ്ങിയ പൊടിപടലങ്ങള്‍ അടങ്ങുമ്പോള്‍ ലാന്‍ഡറില്‍ നിന്ന് റോവറിനെ പുറത്തിറക്കാനുള്ള ദൗത്യത്തിലായിരുന്നു ഭാരതത്തിന്റെ പോരാളികള്‍.

ഒടുവില്‍ രാത്രി 9 മണിയോടെ ലാന്‍ഡറിന്റെ വാതില്‍ തുറന്ന് റോവറിനെ പുറത്തേക്കിറക്കുന്ന ജോലികള്‍ തുടങ്ങി. ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡറില്‍ നിന്ന് റോവര്‍ ചന്ദ്രനില്‍ ഇറങ്ങി. ചന്ദ്രന്റെ രഹസ്യങ്ങള്‍ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്താനുള്ള ദൗത്യമേറ്റെടുത്ത് റോവറിന്റെ ചക്രങ്ങള്‍ മെല്ലെ ഉരുണ്ടുതുടങ്ങി. ഇനിയുള്ള 14 ദിവസം റോവറില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകള്‍ ചന്ദ്രോപരിതലത്തിന്റെ വിവിധ ദൃശ്യങ്ങള്‍ പകര്‍ത്തി ഭൂമിയിലേക്ക് അയയ്ക്കും. ഇതിന്റെ ഭാഗമായി ലാന്‍ഡര്‍ പേ ലോഡുകള്‍ അടുത്ത ദിവസങ്ങളില്‍ പ്രവര്‍ത്തന സജ്ജമാകും.

ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേക്ക് ഇന്ത്യയെ ഉയര്‍ത്തുന്നതാണ് ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ പൂര്‍ണ്ണ വിജയം. ഐ.എസ്.ആര്‍.ഒ പ്രതീക്ഷിച്ച സമയത്ത് തന്നെ ഇന്ത്യയുടെ ചാന്ദ്ര പേടകം ചന്ദ്രോപരിതലം തൊട്ടു. ഈ നേട്ടത്തോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. പിന്നാലെ ചന്ദ്രയാന്‍ മൂന്നില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ പുറത്ത് വന്നു. ലാന്‍ഡറിലെ ക്യാമറകള്‍ എടുത്ത ചന്ദ്രോപരിതലത്തിലെ നാല് ചിത്രങ്ങളാണ് ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടത്.