

തിരുവനന്തപുരം: കഴക്കൂട്ടം ചേങ്കോട്ടുകോണം സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ പ്രീ പ്രൈമറി ക്ലാസ്സുകളിലെ കുരുന്നുകള്‍ക്ക് വര്‍ണ്ണക്കൂടാരം ഒരുങ്ങുന്നു. വര്‍ണ്ണക്കൂടാരത്തിന്റെ നിര്‍മാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് വര്‍ണ്ണക്കൂടാരത്തിലൂടെ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രീ -പ്രൈമറി വര്‍ണ്ണക്കൂടാരം നിര്‍മിക്കുന്നത്.


പ്രീ പ്രൈമറി രംഗത്ത് വിശാലവും ശിശു സൗഹൃദവും ശാസ്ത്രീയവുമായ പ്രവര്‍ത്തന ഇടങ്ങളാണ് സ്‌കൂളില്‍ ഒരുക്കുന്നത്. നിര്‍മാണയിടം, കളിയിടം, വര്‍ണ്ണയിടം, ഭാഷായിടം, വരയിടം, ഗണിതയിടം, ഹരിതയിടം, കരകൗശലയിടം തുടങ്ങി പരിശീലനങ്ങള്‍ക്ക് പതിമൂന്ന് ഇടങ്ങള്‍ ഒരുക്കും. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് അഭിലാഷ്.എ അധ്യക്ഷത വഹിച്ചു. കണിയാപുരം ബി.ആര്‍.സി ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ഉണ്ണികൃഷ്ണന്‍ പാറയ്ക്കല്‍, ബി.ആര്‍.സി ട്രെയിനര്‍ ഷംന റാം,സി.ആര്‍.സി കോ ഓര്‍ഡിനേറ്റര്‍ സുനില്‍കുമാര്‍ വി.പി, ഹെഡ്മിസ്ട്രസ് ഹില്‍ഡ.ഡി.വൈ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


