

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ അഡ്വ.കെ.എം.ഷാജഹാന്‍ മത്സരിക്കും. സേവ് കേരള ഫോറത്തിന്റെ സ്ഥാനാര്‍ത്ഥിയായിട്ടാണ് വി.എസ്.അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന കെ.എം.ഷാജഹാന്‍ മത്സരിക്കുക. ഇന്ന് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ജീര്‍ണ്ണതയ്‌ക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് കെ.എം.ഷാജഹാന്‍ ബീക്കണ്‍ ന്യൂസിനോട് പറഞ്ഞു. കേരളത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. ഒരു വശത്ത് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ തത്രപ്പാടുപെടുന്ന മുന്നണികളും മറുവശത്ത് ഇതിന്റെ ദുരിതഫലം അനുഭവിക്കുന്ന ജനതയുമാണ് കേരളത്തിലുള്ളത്. ഈ ദുരിതമനുഭവിക്കുന്ന ജനതയ്‌ക്കൊപ്പംനിന്ന് അവര്‍ക്കുവേണ്ടി പോരാടാണ് താന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അഴിമതി, ധൂര്‍ത്ത്, വിലക്കയറ്റം, സ്വജനപക്ഷപാതം, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, പോലീസ് അതിക്രമങ്ങള്‍, പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ ഇവയൊക്കെ കേരളത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. എന്നാല്‍, ഇതിനെതിരെ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ കേരളത്തിലെ പ്രതിപക്ഷമോ ബി.ജെ.പിയോ തയാറല്ല. എല്ലാവര്‍ക്കും സ്വാര്‍ത്ഥ ലക്ഷ്യങ്ങളാണുള്ളത്. കേരള ജനത നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ജനങ്ങള്‍ക്കുവേണ്ടി പോരാടുക എന്നതാണ് സേവ് കേരള എന്ന പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ജനങ്ങള്‍ക്കുവേണ്ടി പോരാടാനുള്ള സമരമുഖമായിട്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഞങ്ങള്‍ കാണുന്നത്. അതുകൊണ്ടുതന്നെ മത്സരിക്കാന്‍ വേണ്ടി മത്സരിക്കാനല്ല, ജയിക്കാന്‍ വേണ്ടിത്തന്നെയാണ് സേവ് കേരള ഫോറം മത്സരരംഗത്തേക്കിറങ്ങുന്നതെന്നും കെ.എം.ഷാജഹാന്‍ വിശദീകരിച്ചു.

സേവ് കേരള ഫോറം പോലെ കേരളം നേരിടുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് വിട്ടുവീഴ്ചയില്ലാത്ത സമരം ചെയ്യുന്ന നൂറുകണക്കിന് സംഘടനകള്‍ ഇവിടെയുണ്ട്. ഇത്തരം സംഘടനകളുടെ പിന്തുണയും ആം ആദ്മി പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും സേവ് കേരള ഫോറം അഭ്യര്‍ത്ഥിക്കുണ്ട്. ഈ സംഘടനകളെല്ലാം ആലപ്പുഴയില്‍ സേവ് കേരള ഫോറത്തിനുവേണ്ടി രംഗത്തിറങ്ങുള്ള സാധ്യതയുണ്ടെന്നും കെ.എം.ഷാജഹാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. മാത്രമല്ല, സി.പി.എം എന്ന പ്രസ്ഥാനം ഏറ്റവും കൂടുതല്‍ ജീര്‍ണ്ണിച്ചിരിക്കുന്നത് ആലപ്പുഴയിലാണെന്നും കെ.എം.ഷാജഹാന്‍ പറഞ്ഞു. മാസപ്പടി വിവാദത്തിന്‍മേലുള്ള എസ്.എഫ്.ഐ.ഒയുടെ അന്വേഷണം ഇപ്പോള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെങ്കിലും അതിന്റെ അവസാനഫലം എന്തായിരിക്കുമെന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നുണ്ടെന്നും കെ.എം.ഷാജഹാന്‍ ആരോപിച്ചു.


ആലപ്പുഴയില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി സിറ്റിംഗ് എം.പിയായ എ.എം.ആരിഫ് തന്നെയാണ് മത്സരിക്കുക. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ തവണ മത്സരിച്ച ഷാനിമോള്‍ ഉസ്മാന് തന്നെ സാധ്യത കല്‍പിക്കുന്നുണ്ട്. കഴിഞ്ഞ തവണ സി.പി.എമ്മിന് ആകെ വിജയിക്കാനായത് ആലപ്പുഴയില്‍ മാത്രമാണ്. വിജയിച്ചുവെങ്കിലും ആരിഫിന്റെ ഭൂരിപക്ഷം വെറും 10,474 ആയിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഇടതുപക്ഷ വോട്ടുകളില്‍ കാര്യമായ വിള്ളലുണ്ടാക്കാന്‍ പ്രാപ്തിയുള്ള സ്ഥാനാര്‍ത്ഥിയാണ് അഡ്വ.കെ.എം.ഷാജഹാന്‍. വി.എസിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന അദ്ദേഹത്തിന് വി.എസിന്റെ ആശയങ്ങളെ പിന്‍പറ്റുന്നയാളെന്ന നിലയില്‍ ആലപ്പുഴയിലെ സി.പി.എം വോട്ടുകളെ സ്വാധീനിക്കാന്‍ സാധിച്ചേക്കും. അതിനൊപ്പം ആലപ്പുഴ സി.പി.എമ്മിലെ ചേരിപ്പോരും കൂടിയാകുമ്പോള്‍ കെ.എം.ഷാജഹാന്റെ സ്ഥാര്‍ത്ഥിത്വം സി.പി.എമ്മിന് തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രതിപക്ഷ കക്ഷികളുടെ നിക്ഷിപ്ത താല്‍പര്യങ്ങളും കഴിവില്ലായ്മയും എണ്ണിപ്പറഞ്ഞ് കെ.എം.ഷാജഹാന്‍ മുന്നോട്ട് പോകുമ്പോള്‍ മൂന്ന് മുന്നണികളും കെ.എം.ഷാജഹാനെന്ന ഒറ്റയാള്‍ പട്ടാളത്തിന് മുന്നില്‍ നന്നേ വിയര്‍ക്കേണ്ടിവരും.
