Breaking News

വര്‍ക്കല യു.ഡി.എഫ് കണ്‍വെന്‍ഷന്‍: ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു

വര്‍ക്കല മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുന്നു

വര്‍ക്കല: വര്‍ക്കല മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകിട്ട് 4ന് വര്‍ക്കല മൈതാനം വര്‍ഷ മേഘ ആഡിറ്റോറിയത്തിലായിരുന്നു കണ്‍വെന്‍ഷന്‍. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ.കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ വര്‍ക്കല മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ ധനപാലന്‍ അധ്യക്ഷത വഹിച്ചു. സിനിമാതാരം ജഗദീഷ്, സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

വര്‍ക്കല മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ത്ഥി അഡ്വ.ബി.ആര്‍.എം.ഷെഫീര്‍ സംസാരിക്കുന്നു

മുന്‍ എം.എല്‍.എ കഹാര്‍ വര്‍ക്കലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് നന്നായി അറിയാം. വികസന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായിരിക്കും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.ബി.ആര്‍.എം.ഷെഫീര്‍ എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. തുടര്‍ ഭരണം എന്നതാണ് എല്‍.ഡി.എഫിന്റെ മുദ്രാവാക്യം. എന്നാല്‍ തുടര്‍ ഭരണം ലഭിക്കാന്‍ എന്ത് അര്‍ഹതയാണ് എല്‍.ഡി.എഫ് സര്‍ക്കാരിന് ഉള്ളതെന്നും കിറ്റ് കൊടുക്കുന്നതാണോ യോഗ്യതയെന്നും അദ്ദേഹം ചോദിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ തിരുവോണത്തിന് കിറ്റ് കൊടുത്തപ്പോള്‍ പരിഹസിച്ചവരാണ് ഇപ്പോള്‍ കിറ്റിന്റെ പേരില്‍ വോട്ട് ചോദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി വര്‍ക്കലയില്‍ അഡ്വ.ബി.ആര്‍.എം.ഫെഫീറിനെ വര്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
ഇരുത്തം വന്ന നേതാവാണ് അഡ്വ.ബി.ആര്‍.എം.ഷെഫീറെന്ന് സിനിമാതാരം ജഗദീഷ് പറഞ്ഞു. പാവപ്പെട്ടവരില്‍നിന്ന് ഫീസ് വാങ്ങാതെ നിയമ സഹായം ചെയ്തുകൊടുക്കുന്ന ആളാണ് അദ്ദേഹം. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയുടെ മകനായി ജനിച്ച് വിദ്യാഭ്യാസ കാലത്ത് ടാപ്പിംഗ് ജോലി ചെയ്ത് പഠനച്ചെലവ് കണ്ടെത്തിയ ഷെഫീര്‍ ജനപ്രതിനിധിയാവാന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന് അദ്ദേഹം പറഞ്ഞു. പബ്ലിസിറ്റി രംഗത്ത് മാത്രമാണ് എല്‍.ഡി.എഫ് സര്‍ക്കാരിന് എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. അല്ലാതെ ജനങ്ങള്‍ക്ക് വേണ്ടി യാതൊന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
സിനിമാമേഖലയില്‍ യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ ഇടതുപക്ഷ സര്‍ക്കാരിന് സാധിച്ചില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു. വികസനം വേണമെങ്കില്‍ യു.ഡി.എഫ് സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ.ബി.ആര്‍.എം.ഷെഫീറിനെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും രഞ്ജിത്ത് അഭ്യര്‍ത്ഥിച്ചു.
ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശ്, മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.ബി.ഷാലി, കെ.പി.സി.സി നിര്‍വാഹക സമിതിയംഗം പി.എം.ബഷീര്‍, കോണ്‍ഗ്രസ് നേതാക്കളായ കെ.ആര്‍.അനില്‍കുമാര്‍, റിഹാസ്, വിജയന്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *