
വർക്കല: ശിവസേന സ്ഥാനാർഥി അഡ്വക്കേറ്റ് നിഷിയുടെ പത്രിക തള്ളിയതിന് പിന്നിൽ വരണാധികാരിയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി ശിവസേന സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ഹരികുമാർ പറഞ്ഞു. നാമനിർദ്ദേശപത്രിക പിന്താങ്ങിയ ഒരാളുടെ വോട്ടർപട്ടികയിലെ ഭാഗ നമ്പർ തെറ്റായി രേഖപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് സൂക്ഷ്മപരിശോധനയിൽ പത്രിക തള്ളിയത്. പത്രിക സമർപ്പണ സമയത്ത് പിന്താങ്ങുന്നവരുടെ ലിസ്റ്റ് വോട്ടർപട്ടികയുമായി ഒത്തുനോക്കി പരിശോധിച്ച് ശരിയാണെന്ന് ഉറപ്പു വരുത്തിയ ശേഷം പത്രിക സ്വീകരിക്കണമെന്നാണ് ചട്ടം. പത്രികയിൽ എന്തെങ്കിലും നിസ്സാര പിഴവുകൾ കണ്ടെത്തിയാൽ സ്ഥാനാർഥിക്ക് അത് തിരുത്താൻ അവസരം നൽകാമെന്ന് കീഴ്‌വഴക്കം നിലനിൽക്കെയാണ് കമ്മീഷൻറെ ഈ നടപടി. സമാനസ്വഭാവമുള്ള കേസിൽ കമ്മീഷന് സ്ഥാനാർത്ഥിക്ക് അവസരം നൽകാമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട് . ഇവിടെ തെറ്റായ ഭാഗം നമ്പറിന് മുന്നിലായി തിരിച്ചറിയൽ കാർഡിലെ ഭാഗ നമ്പരും നിലവിലെ ക്രമനമ്പറും കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാരണങ്ങളാൽ പത്രിക സ്വീകരിക്കാവുന്നതാണ്. അല്ലാത്തപക്ഷം നിലവിലെ വോട്ടർ ഐഡി അസാധുവാണെന്ന് പ്രഖ്യാപിക്കേണ്ടി വരുമെന്നും ഹരികുമാർ പറഞ്ഞു. നാമനിർദ്ദേശപത്രിക തള്ളിയതിൻറെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് വരണാധികാരിക്ക് കത്ത് നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകുമെന്ന് അഡ്വക്കേറ്റ് നിഷി പറഞ്ഞു. സ്ഥാനാർഥിത്വം പുനസ്ഥാപിച്ചു കിട്ടാൻ വേണ്ടിവന്നാൽ കോടതിയെ സമീപിക്കുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.