Breaking News

കടകംപള്ളി വിശ്വാസി മനസ്സുകളെ ചവിട്ടിയരച്ചു: ശോഭ സുരേന്ദ്രന്‍ ശിവഗിരിയില്‍

ശിവഗിരിയില്‍ എത്തിയ ശോഭ സുരേന്ദ്രന്‍ ഭരണസമിതി കാര്യാലയത്തിലെത്തി സ്വാമിമാരെ സന്ദര്‍ശിച്ചപ്പോള്‍

വര്‍ക്കല: കഴക്കൂട്ടം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി നേതാവുമായ ശോഭ സുരേന്ദ്രന്‍ വര്‍ക്കല ശിവഗിരിയില്‍ സന്ദര്‍ശനത്തിനെത്തി. ഉച്ചയ്ക്ക് 3 മണിയോടെ ശിവഗിരിയിലെത്തിയ ശോഭ സുരേന്ദ്രന്‍ ഗുരു സമാധിയിലെത്തി തൊഴുതശേഷം, വൈദികമഠവും തുടര്‍ന്ന് ഭരണസമിതി കാര്യാലയവും സന്ദര്‍ശിച്ചു.
ശിവഗിരിമഠം പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമികള്‍, ജനറല്‍ സെക്രട്ടറി സാന്ദ്ര സ്വാമികള്‍, ട്രഷറര്‍ ശാരദാനന്ദ സ്വാമികള്‍ തുടങ്ങിയവരുമായി ശോഭ സുരേന്ദ്രന്‍ ചര്‍ച്ച നടത്തി. എന്നാല്‍, ചര്‍ച്ചയില്‍ രാഷ്ട്രീയം വിഷയമായില്ലെന്ന് ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു.

ശോഭ സുരേന്ദ്രന്‍ ഗുരു സമാധിയില്‍ എത്തിയപ്പോള്‍

കഴക്കൂട്ടത്ത് വളരെ ശക്തമായ മത്സരം തന്നെയാണ് നടക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ധര്‍മ്മത്തിന്റെ പക്ഷത്ത് നില്‍ക്കാന്‍ അയ്യപ്പസ്വാമിയുടെ അനുഗ്രഹമുണ്ടായിയെന്ന് വിശ്വസിക്കുന്നതായി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. വിശ്വാസം സംബന്ധിച്ച വിഷയത്തില്‍ യാതൊരു മാറ്റവുമില്ലായെന്ന് സീതാറാം യെച്ചൂരി പ്രഖ്യാപിക്കുകയും ആ പ്രഖ്യാപനത്തോട് ചേര്‍ന്നുനിന്നുകൊണ്ട് പ്രതികരിക്കാന്‍ മുഖ്യമന്ത്രിയുള്‍പ്പെടെ ആഗ്രഹിക്കുകയും എന്നാല്‍ വിശ്വാസികള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മുമ്പില്‍ വിരണ്ട് നില്‍ക്കുന്ന നേതാക്കന്മാരെയാണ് നമുക്ക് കാണാന്‍ സാധിക്കുക. പ്രത്യേകിച്ചും കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട ദേവസ്വം വകുപ്പ് മന്ത്രി വിശ്വാസികളുടെ മനസ്സുകളെ ചവിട്ടിയരച്ച മന്ത്രിയാണ് കടകംപള്ളി സുരേന്ദ്രന്‍. ഇന്ന് കഴക്കൂട്ടത്ത് ചെയ്ത തെറ്റുകള്‍ക്ക് ഉത്തരം പറയേണ്ട അവസ്ഥയാണ് കടകംപള്ളിക്ക് ഉണ്ടായിരിക്കുന്നത്. നരേന്ദ്ര മോദിയുടെ ഭരണത്തില്‍ വികസനത്തിന്റെ ഒഴുക്കാണ് കേരളത്തിലേക്ക് ഉണ്ടായത്. ആ ഒഴുക്ക് തടസ്സപ്പെടുത്താന്‍ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുവജന നയം, കാര്‍ഷിക നയം തുടങ്ങി എല്ലാ മേഖലയെയും സ്പര്‍ശിക്കുന്ന പ്രകടന പത്രിക എന്‍.ഡി.എ പുറത്തിറക്കുമെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.
വര്‍ക്കല നഗരസഭ കൗണ്‍സിലര്‍മാരായ രാഖി, വിജി, ഷീന ഗോവിന്ദ് തുടങ്ങയവര്‍ ശോഭ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു. മഠം പി.ആര്‍.ഒ ജിനീഷ് അനുഗമിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *