Breaking News

വര്‍ക്കലയില്‍ ശിവസേന സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

ശിവസേന സംസ്ഥാന സെക്രട്ടറി അഡ്വ.പേരൂര്‍ക്കട ഹരികുമാര്‍ വര്‍ക്കല പ്രസ് ക്ലബ്ബില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോള്‍. സ്ഥാനാര്‍ത്ഥി അഡ്വ.എസ്.നിഷി സമീപം

വര്‍ക്കല: വര്‍ക്കല മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ശിവസേന. എഴുത്തുകാരിയും അഭിഭാഷകയുമായ എസ്.നിഷിയാണ് വര്‍ക്കലയില്‍ ശിവസേനയുടെ സ്ഥാനാര്‍ത്ഥി. വര്‍ക്കല ഉള്‍പ്പെടെ 18 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്ന് പറഞ്ഞെങ്കിലും ഇന്ന് വര്‍ക്കലയിലെ സ്ഥാനാര്‍ത്ഥിയെ മാത്രമാണ് പ്രഖ്യാപിച്ചത്. ശിവസേന സംസ്ഥാന സെക്രട്ടറി അഡ്വ.പേരൂര്‍ക്കട ഹരികുമാറാണ് വര്‍ക്കല പ്രസ് ക്ലബ്ബില്‍വച്ച് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.
ശിവസേന മണ്ഡലം കമ്മിറ്റിയുടെയും ജില്ലാ കമ്മിറ്റിയുടെയും തീരുമാനപ്രകാരമാണ് വര്‍ക്കലയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് അഡ്വ.ഹരികുമാര്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഭുവനചന്ദ്രനാണ് സ്ഥാനാര്‍ത്ഥിയുടെ പേര് നിര്‍ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തോടൊപ്പം ശിവസേന നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മറ്റ് പാര്‍ട്ടികള്‍ മാതൃയാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് വര്‍ക്കല നഗരസഭയുമായി സഹകരിച്ച് 65 ദിവസം അന്നദാനം നടത്താന്‍ ശിവസേനയ്ക്ക് സാധിച്ചു. മറ്റ് പാര്‍ട്ടികള്‍ വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ മടി കാണിക്കുമ്പോള്‍ ശിവസേന വര്‍ക്കലയില്‍ വനിത സ്ഥാനാര്‍ത്ഥിയെയാണ് മത്സരിപ്പിപ്പുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ അഴിമതി ആരോപണങ്ങളുടെ നിഴലിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുടെ തെളിവായി ഇന്ധനവില കുതിച്ചുയരുന്നു. ഇതിനൊക്കെയെതിരെ ജനം തെരഞ്ഞെടുപ്പില്‍ പ്രതികരിക്കും-അദ്ദേഹം വ്യക്തമാക്കി.
ശബരിമല ആചാരസംരക്ഷണത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയാണ് അഡ്വ.നിഷിയെന്നും ശബരിമല പ്രചരണ വിഷയമാക്കുമെന്നും അഡ്വ.ഹരികുമാര്‍ പറഞ്ഞു. എല്ലാ യോഗ്യതകളുമുള്ള ഇ.ശ്രീധരനെ രാജ്യസഭ സീറ്റ് നല്‍കി കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ബി.ജെ.പി തയാറാകാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ചെങ്ങന്നൂരില്‍ ആര്‍.ബാലശങ്കറിന് സീറ്റ് നല്‍കാത്തതിന് പിന്നില്‍ സി.പി.എം-ബി.ജെ.പി രഹസ്യ ധാരണയാണ്. പല സ്ഥലത്തും ബി.ജെ.പി-ബി.ഡി.ജെ.എസ് സീറ്റ് കച്ചവടമാണ് നടന്നത്. വര്‍ക്കലയിലും ഈ കച്ചവടം നടന്നു. കഴക്കൂട്ടത്ത് സീറ്റ് കച്ചവടം നടത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു-അഡ്വ.ഹരികുമാര്‍ തുറന്നടിച്ചു.
പി.വി.അന്‍വര്‍ എം.എല്‍.എയുടെ 207 ഏക്കര്‍ ഭൂസ്വത്ത് ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ ലംഘനമാണെന്ന് ശിവസേന സ്ഥാനാര്‍ത്ഥി അഡ്വ.നിഷി പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ കാലത്ത് കോടതിവിധി പോലും അട്ടിമറിക്കപ്പെടുന്നുവെന്നും അവര്‍ ആരോപിച്ചു.
വരുന്ന വെള്ളിയാഴ്ച രാവിലെ 11 മണിക്ക് അഡ്വ.നിഷി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ശിവസേന സംസ്ഥാന മീഡിയ ചെയര്‍മാന്‍ സന്തോഷ് വര്‍ക്കല, സംസ്ഥാന കമ്മിറ്റിയംഗം കരമന രാമസുബ്രഹ്മണ്യം, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഒറ്റശേഖരമംഗലം കൃഷ്ണന്‍കുട്ടി, ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം രാജന്‍, വര്‍ക്കല മണ്ഡലം പ്രസിഡന്റ് അനില്‍ പുഞ്ചിരി, കമ്മിറ്റിയംഗങ്ങളായ പ്രസേനന്‍, ഷൈന്‍ വട്ടപ്ലാമൂട് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *