
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ടെത്തിയ കള്ളവോട്ടര്‍മാരുടെ എണ്ണവും അദ്ദേഹം വ്യക്തമാക്കി. കഴക്കൂട്ടം 4506, കൊല്ലം 2534, തൃക്കരിപ്പൂര്‍ 1434, കൊയിലാണ്ടി 4611, നാദാപുരം 6171, കൂത്തുപറമ്പ് 3525, അമ്പലപ്പുഴ 4750 എന്നിങ്ങനെയാണ് ആ കണക്ക്.
ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു. വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പ്് വന്നവരെ ഒഴിവാക്കണം. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ കള്ളവോട്ടര്‍മാരെ സൃഷ്ടിക്കാന്‍ കഴിയില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഒരേ വിലാസവും ഒരേ ഫോട്ടോയും ഉപയോഗിച്ചാണു മിക്കയിടത്തും കൃത്രിമമായി കള്ളവോട്ടര്‍മാരെ സൃഷ്ടിക്കുന്നത്. ചിലയിടത്ത് ഫോട്ടോയിലും വിലാസത്തിലും ചെറിയ വ്യത്യാസമുണ്ട്. ഇത് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള കുല്സിത ശ്രമമാണ്. കള്ളവോട്ടര്‍മാരെ സൃഷ്ടിക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇക്കാര്യവും തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷിക്കണം. ഉദ്യോഗസ്ഥര്‍ ഗുരുതരമായ കൃത്യവിലോപം കാണിച്ചു. ഭരണകക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരാണ് ഇതു ചെയ്തത്. ഒരേ ആളിന്റെ പേരില്‍ നിരവധി വോട്ടര്‍ ഐഡി സൃഷ്ടിച്ചിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം, ഈ ഈ വിഷയത്തില്‍ പ്രതികരണവുമായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് രംഗത്തെത്തി. കള്ളവോട്ടുകള്‍ ചെന്നിത്തല ചേര്ത്തതായിരിക്കുമെന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം. എന്നാല്‍, കള്ളവോട്ട് വെട്ടിക്കളയാന്‍ കടകംപള്ളി തയാറാവണമെന്ന് ചെന്നിത്തലയും തിരിച്ചടിച്ചു. 4506 കള്ളവോട്ടുകളുണ്ടെന്ന് ചെന്നിത്തല ആരോപിച്ച കഴക്കൂട്ടം മണ്ഡലത്തിലാണ് കടകംപള്ളി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.